പറവൂർ: അറ്റക്കുറ്റപ്പണിക്കിടെ കുടിവെള്ള പൈപ്പെന്നു കരുതി 11 കെവി ഭൂഗർഭ വൈദ്യുതി കേബിൾ തുളച്ചതിനെത്തുടർന്നു തൊഴിലാളിക്കു ഷോക്കേറ്റു. കൂട്ടുകാട് സ്വദേശി വിൻസെന്റിനാണ് ഷോക്കേറ്റത്.
വടക്കേക്കര വൈദ്യുതി സെക്ഷനിലെ കുഞ്ഞിത്തൈയിൽ റോഡിനടിയിൽ കൂടി കടന്നുപോകുന്ന 11 കെവി വൈദ്യുതി കേബിളാണ് ഡ്രില്ലർ ഉപയോഗിച്ചു നടത്തിയ അറ്റക്കുറ്റപ്പണിക്കിടെ അബദ്ധത്തിൽ തുളച്ചത്.
സമീപത്തെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി വാട്ടർ അഥോറിറ്റിയുടെ കരാർ തൊഴിലാളികൾ ഡ്രിൽ ചെയ്യുന്നതിനിടെ പൈപ്പാണെന്നു കരുതി കേബിളിൽ കപ്ലിംഗ് പിടിപ്പിച്ചശേഷം ഡ്രില്ലിംഗ് മെഷിൻ ഉപയോഗിച്ചു തുളയിടുകയായിരുന്നു.
വിൻസെന്റ് ഷോക്കേറ്റ് തെറിച്ചുവീണതോടെയാണ് വൈദ്യുതി കേബിളാണെന്നു മനസിലായത്. കേബിളിന്റെ പുറംഭാഗത്തെ എർത്ത് കോട്ടിംഗിൽനിന്നു നേരിയ ഷോക്കേറ്റപ്പോൾതന്നെ തെറിച്ചുവീണതുകൊണ്ട് തൊഴിലാളി രക്ഷപ്പെടുകയായിരുന്നു.
വിൻസെന്റിനെ ആശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി. ശുദ്ധജലപൈപ്പും വൈദ്യുതി കേബിളും സമാന്തരമായിട്ടാണ് ഈഭാഗത്തുണ്ടായിരുന്നത്.
വടക്കേക്കര വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അനിലിന്റെ മേൽനോട്ടത്തിൽ പിന്നീട് കേബിൾ കൂട്ടിയോജിപ്പിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ഇതിനായി ചെലവായ 50,000 രൂപ പൈപ്പ് ലൈൻ ജോലി ഏറ്റെടുത്തകരാറുകാരനിൽനിന്ന് ഈടാക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.