കിഴക്കമ്പലം: കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി, തള്ളിയ സ്ഥലം വൃത്തിയാക്കിച്ച് പോലീസിന്റെ ഹീറോയിസം.
കിഴക്കമ്പലം ഒളിന്പ്യൻ ശ്രീജേഷ് റോഡിലെ തോട്ടിലേക്ക് ഇന്നലെ പുലർച്ചെ കക്കൂസ് മാലിന്യം തള്ളിയവരെയാണ് കുന്നത്തുനാട് പോലീസിന്റെ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്.
വാഴക്കാല സ്വദേശി റാസിൻ (27) പള്ളുരുത്തി സ്വദേശി ഷെഫീക് (23) എന്നിവരാണ് മിനി ലോറിയുമായി മാലിന്യം തള്ളാനെത്തിയത്. പുലർച്ചെ മൂന്നോടെ ലോറിയുടെ ടാങ്കിൽനിന്നു മാലിന്യം ഒഴുക്കിക്കളയുന്ന പൈപ്പിൽനിന്ന് മാലിന്യം റോഡിലേക്ക് വീഴുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
ചോദ്യം ചെയ്തപ്പോൾ വാൽവിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് ഇവർ തടിയൂരി. മിനിറ്റുകൾക്കകം മേഖലയിൽ രൂക്ഷമായ ദുർഗന്ധം പടർന്നതോടെ പോലീസ് നടത്തിയ പരിശോധനയിൽ റോഡിൽ മാലിന്യം തള്ളിയത് കണ്ടെത്തി.
വാഹനം പോയ ദിശയിൽ പോലീസ് പിന്തുടർന്ന് വാഹനവും ജീവനക്കാരയെും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാലിന്യം തള്ളിയ കാര്യം സമ്മതിച്ചത്.
ശ്രീജേഷ് റോഡിൽ നേരത്തെയും നിരവധി തവണ മാലിന്യം തള്ളിയിട്ടുണ്ട്. തുർന്ന് വാഹന ഉടമയെ വിളിച്ചു വരുത്തി മാലിന്യം തള്ളിയ സ്ഥലം പോലീസ് കഴുകി വൃത്തിയാക്കിച്ചു.
എഎസ്ഐ ഏലിയാസ്, ഹോം ഗാർഡ് ജോയ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ മാത്യു എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.