കൊച്ചി: കഞ്ചാവുമായി സിനിമാ നടനും കാമറാമാനും കൊച്ചിയിൽ പിടിയിലായി. ജമീലാന്റെ പൂവൻകോഴി എന്ന സിനിമയിലെ പുതുമുഖ നായകനായ കോഴിക്കോട് സ്വദേശി മിഥുൻ (25), കാമറാമാനായ ബംഗളൂരു സ്വദേശി വിശാൽ വർമ്മ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചിയിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന.
കഴിഞ്ഞ രണ്ടു മാസമായി ഫോർട്ടുകൊച്ചി ഫോർട്ട് നഗറിലുള്ള സണ്‍ഷൈൻ എന്ന ഹോം സ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്. അഭിനയത്തിന്റെ ക്ഷീണം മാറ്റുന്നതിനായി പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പ്രതികൾ സമ്മതിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു.
പ്രതികൾ പിടിയിലായതോടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് കുടുതൽ അന്വേഷണങ്ങൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.