നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി ഉണ്ടാകുന്ന വർണമഴ മൂലം നാട്ടുകാർ ഭീതിയിൽ.
രാവിലെ ഏഴു മുതൽ പത്തു വരെയുള്ള സമയത്താണ് തുള്ളി തുള്ളിയായി വയലറ്റ്, മഞ്ഞ നിറങ്ങളിലുള്ള വെള്ളത്തുള്ളികൾ വീഴുന്നത്. വ്യക്ഷങ്ങൾ, പച്ചക്കറി ചെടികൾ, വാഴകളുടെ ഇലകൾ എന്നിവിടങ്ങളിൽ ഇവ വ്യക്തമായി കാണാവുന്നതാണ്.
ഇതു സംബന്ധിച്ച് വ്യക്തമായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആരോഗ്യ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. മനുഷ്യ ശരീരത്തെയും കാർഷികോത്പന്നങ്ങളെയും ഇവ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
നെടുമ്പാശേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതൽ കാണുന്നത്.