വൈപ്പിൻ: ട്രോളിംഗ് നിരോധനം അവസാനിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ കടലിലേക്ക് പോയ ബോട്ടുകളിൽ ചിലത് രാത്രിയോടെ കിളിമീനുമായി ഹാർബറുകളിൽ തിരിച്ചെത്തി. മുനന്പം ഹാർബറിൽ പത്തും കാളമുക്ക് മുരുക്കുംപാടം മേഖലയിൽ അഞ്ച് ബോട്ടുകളുമാണ് തിരിച്ചെത്തിയത്.
പ്രതീക്ഷിച്ച രീതിയിൽ ബോട്ടുകൾ ഒന്നുംതന്നെ വൈകുന്നേരത്തിനു മുന്പായി തിരിച്ചെത്തിയില്ല. ഒരു വല വലിച്ചു കഴിഞ്ഞപ്പോൾ എൻജിൻ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെ കാളമുക്ക് ഹാർബറിൽ തിരികെ എത്തിയ ഒരു ബോട്ടിനു നിസാരതോതിൽ കിളിമീൻ ലഭിച്ചിരുന്നു. ഇതൊഴിച്ചാൽ ഇന്നലെ വൈകുന്നേരം ഹാർബറുകളിൽ മറ്റൊരു കച്ചവടവും നടന്നില്ല.
കടലിൽ മത്സ്യത്തിന്റെ സാന്നിധ്യം കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. മഴ കുറഞ്ഞതാണ് മത്സ്യത്തിന്റെ സാന്നിധ്യം ഇല്ലാതെ വന്നിരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. ഇന്നലെ രാത്രി എത്തിയ ബോട്ടുകളിലെ മത്സ്യങ്ങൾ ഇന്ന് രാവിലെ വിൽപന നടത്തും. ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ തീരമണയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.