പെരുമ്പാവൂര്‍-മൂവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നടന്ന സംഭവമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചത്.
ബസില്‍ യാത്ര ചെയ്യുന്ന യുവാവിനോട് എവിടേക്കാണ് യാത്രയെന്നും എന്താണ് ജോലിയെന്നും ബസില്‍ യാത്ര ചെയ്യുന്നതിന് ഒരു ലക്ഷ്യം വേണ്ടേ എന്നൊക്കെയാണ് ചെക്കർ ചോദിക്കുന്നത്.
വരുമാനം കുറഞ്ഞ റൂട്ടില്‍ പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍, കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ ചോദ്യം ചെയ്തതെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം.
ദിവസവും ബസില്‍ കയറുന്ന യുവാവ് തൊട്ടുമുമ്പില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന് കെഎസ്ആര്‍ടിസിയുടെ സമയവും മറ്റ് വിവരങ്ങളും ഫോണിലൂടെ കൈമാറുന്നുവെന്നാണ് കെഎസ്ആര്‍ടിസി ആരോപിക്കുന്നത്.
യുവാവിന്റെ സംസാരത്തിൽനിന്നും സ്വകാര്യ ബസുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കി കൊടുക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്തതെന്നും സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നും പെരുമ്പാവൂര്‍ ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എം.എസ്. സോമന് പറഞ്ഞു.
ചോദ്യം ചെയ്ത പെരുമ്പാവൂര്‍ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ സുനില്‍ ജോസഫ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ചെക്കര്‍ എന്ന തസ്തിക കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് വീഡിയോയിലുള്ള യുവാവിന്റെ പ്രതികരണം. അപമാനിച്ചതിനെതിരേ കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും യുവാവ് പറഞ്ഞു.