കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ജില്ലയില്‍ നിയന്ത്രണങ്ങളും പോലീസ് പരിശോധനയും കൂടുതല്‍ കര്‍ശനമാക്കി.
ജില്ലയുടെ എല്ലാ ഭാഗത്തും രാവിലെ മുതല്‍ തന്നെ പോലീസിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. എറണാകുളം നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പോലീസ് പരിശോധനയുണ്ട്.
കൂടാതെ 45 ബൈക്ക് പട്രോളുകളും 42 ജീപ്പ് പട്രോളുകളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.
മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ഇടക്കൊച്ചി പാലം, കുമ്പളങ്ങിപാലം, ഗുണ്ടുപറമ്പ്, കമാലക്കടവ് പാലം, പുത്തന്‍കാവ് ജംഗ്ഷന്, പെരിങ്ങാല ജംഗ്ഷന്, പ്രീമിയര്‍ ജംഗ്ഷന്, കുമ്പളം എന്നീ സ്ഥലങ്ങളില്‍ അതിര്‍ത്ത് അടച്ച് കര്‍ശന പരിശോധനയും പോലീസ് നടത്തുന്നുണ്ട്.
അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ ഇന്ന് ഗണ്യമായ കുറവ് വന്നിട്ടുണ്ടന്നാണ് പോലീസ് അധികൃതര്‍ നല്കുന്ന വിവരം.
രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളെ മാത്രമാണ് രാവിലെ പരിശോധനയില്‍ കാണപ്പെട്ടതെന്നും മുന്‍ ദിവസങ്ങളിലെ പോലെ സാധങ്ങള്‍ വാങ്ങാനെന്ന പേരില്‍ ആളുകളെ റോഡില്‍ കാണുന്നില്ലെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ തന്നെയും നിരത്തിലെത്തുന്നവരെ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. ആവശ്യമായ രേഖകള്‍ സൂക്ഷിക്കാത്തവര്‍ക്കെതിരെ നടപടിയും സ്വീകരിക്കുന്നുണ്ട്.
ഇന്നലെ മാസ്ക് ധരിക്കാത്തതിന് 500 ഓളം പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 600 ഓളം കേസുകളും നിയമ ലംഘനത്തിന് 70 ഓളം കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
16,112 പേര്‍ക്ക് താക്കീത് നല്‍കിയും വിട്ടയച്ചു. എന്നാല്‍ ഇന്ന് മുതല്‍ കോവിഡ് മാനദണ്ഡം പാലിക്കാത്തവരെ താക്കീത് ചെയ്യുന്നത് ഒഴിവാക്കി നിയമനടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
2005 ലെ ദുരന്ത നിവാരണ നിയമം, 2020 ലെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ്, കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ആള്‍ക്കൂട്ടമുണ്ടാകുന്ന തരത്തിലുള്ള ഒരു കൂട്ടായ്മയും അനുവദിക്കില്ല.
അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ തുടരും. നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.
ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും ഉണ്ടാകും.
ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സി ടാങ്കറുകള്‍, ഡോക്ടര്‍മാര്‍, നേഴസുമാര്, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് സുഗമമായ യാത്രക്ക് സൗകര്യമൊരുക്കും.