അങ്കമാലി: അങ്കമാലിയിലെ പ്രധാന ഇടറോഡായ ജോളി നഴ്സറി റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പ്രവർത്തന രഹിതമായതോടെ പ്രദേശത്ത് വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നു. ഹോട്ടലുകൾ, ബാർബർ ഷോപ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ നിരന്തരം നിക്ഷേപിച്ചതിനാൽ നഗരസഭ മുൻകൈയെടുത്ത് ആദ്യം കാവൽക്കാരെ നിർത്തുകയും പിന്നീട് കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ മാലിന്യം നിക്ഷേപിച്ചവർക്ക് നഗരസഭ കനത്ത പിഴ ചുമത്തിയിരുന്നു. അങ്കമാലിയിലെ പ്രശസ്ത വസ്ത്ര വ്യാപാര ശാലകൾക്ക് വരെ പിഴ ലഭിച്ചത് വാർത്തയായതിനാൽ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിച്ചിരുന്നു.
പിന്നീട് ചെറിയ തോതിൽ മാലിന്യം നിക്ഷേപിക്കുന്നത് ആരംഭിച്ചിരുന്നെങ്കിലും നഗരസഭയുടെ നേതൃത്വത്തിൽ കൃത്യമായി നീക്കം ചെയ്തിരുന്നു. എന്നാൽ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന കാമറകൾ പ്രവർത്തന രഹിതമായതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപം രൂക്ഷമായിരിക്കുന്നത്.
ഇരുവശത്തും എട്ട് അടിയോളം ഉയരത്തിൽ മതിലുകൾ ഉള്ളതിനാലും രാത്രി കാലങ്ങളിൽ ഈ പ്രദേശത്ത് വെളിച്ചമില്ലാത്തതിനാലും മാലിന്യം നിക്ഷേപിക്കുവാൻ വരുന്നവർക്ക് ഏറ്റവും അനുകൂലമായ പ്രദേശമാണിവിടം. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടമാണ് ഇതിൽ കൂടുതൽ. മഴയത്ത് ഇവ ചീഞ്ഞു തുടങ്ങിയതിനാൽ രൂക്ഷമായ ദുർഗന്ധമാണിവിടെ. എലിയുടേയും കാക്കകളുടേയും ശല്യവുമുണ്ട്. കാക്കകൾ മാലിന്യം കൊത്തിവലിച്ച് വഴിനീളെ മാലിന്യം കിടക്കുകയാണ്. ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടിയുടെ അവശിഷ്ടങ്ങളും വലിയ ബാഗുകളിലായി ഇവിടെ തള്ളിയിട്ടുണ്ട്.
മഴയത്ത് വെള്ളം ഒഴുകുമ്പോൾ മാലിന്യവും ഒഴുകി മറ്റു റോഡുകളിൽ എത്തുന്നതും പതിവാണ്. തിങ്കളാഴ്ച സ്കൂൾ തുറന്നാൽ തൊട്ടടുത്തുള്ള ജോളി നേഴ്സറി ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നത് ഇതിലെയാണ്. എത്രയും വേഗത്തിൽ മാലിന്യം നീക്കം ചെയ്യണമെന്നും കാമറകൾ വീണ്ടും പ്രവർത്തന ക്ഷമമാക്കി മാലിന്യം നിക്ഷേപിക്കുന്നവർക്ക് കർശന ശിക്ഷാ നടപടികൾ നൽകണമെന്നും ആവശ്യം ശക്തമാണ്.