വൈപ്പിൻ: പട്ടാപ്പകൽ പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നുവെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ നാലംഗസംഘം കൈയേറ്റം ചെയ്യുകയും എസ്ഐയെ തള്ളി കനാലിലിടുകയും ചെയ്തു.
എടവനക്കാട് പഴങ്ങാട് കിഴക്ക് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കണ്ട്രോൾ റൂം വെഹിക്കൾ ടീം ചാർജിലുണ്ടായിരുന്ന മുനന്പം സ്റ്റേഷൻ ഗ്രേഡ് എസ്ഐ സി.ജെ. ഉണ്ണിയെയാണ് കനാലിൽ തള്ളിയിട്ടത്.
പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന സംഘം തട്ടിക്കയറിയത്രേ.
ഇതിനിടെ കനാലിൽ കുളിച്ചുകൊണ്ടിരുന്ന സംഘാംഗമായ മറ്റൊരാൾ കരയിലേക്ക് കയറി വരുകയും പോലീസിനെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിക്കൊണ്ടിരുന്ന എസ്ഐയെ തൊട്ടടുത്ത കനാലിലേക്ക് തളളിയിടുകയുമായിരുന്നു.
എസ്ഐക്കാകട്ടെ വെള്ളത്തിൽ പരിചയമുണ്ടായിരുന്നതിനാലാണത്രേ സാമാന്യം ആഴമേറിയ കനാലിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
സംഘത്തിലെ ഒരാളെ പോലീസ് കൈയോടെ പിടികൂടി. മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്ഐയെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലംഗ സംഘത്തിനെതിരെ കൃത്യനിർവഹണം തടയൽ, കൈയേറ്റം, തുടങ്ങിയ വകുപ്പ് ഉപയോഗിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാന പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.