സിജോ പൈനാടത്ത്
കൊച്ചി: സിനിമ എന്നാല്‍ ഈ അധ്യാപകനു സ്ക്രീനില്‍ മിന്നിമറയുന്ന കേവല ദൃശ്യങ്ങളല്ല, വിശാലമായ അറിവനുഭവങ്ങളുടെ വിനിമയത്തിനുള്ള ക്ലാസ് മുറിയാണ്.
സിനിമയില്‍ നിന്നു പഠിച്ചും പഠിപ്പിച്ചും അധ്യാപനത്തിന്റെ നവസാധ്യതകള്‍ തേടുന്ന ഡോ. പി.കെ. ശശിധരന് എന്ന തത്വശാസ്ത്ര അധ്യാപകന്, ഐഎഫ്എഫ്കെയുടെ 25 വര്‍ഷങ്ങളിലും നിശബ്ദസാന്നിധ്യമായി ഒപ്പമുണ്ട്.
വര്‍ത്തമാന ജീവിതവുമായി സംവദിക്കാനാവുന്ന ഏറ്റവും ഫലപ്രദമായ കലാരൂപമെന്ന നിലയിലാണു താന്‍ സിനിമയെ കാണുന്നതെന്നാണു ഡോ. ശശിധരന്റെ പക്ഷം.
ഗൗരവമായി രൂപപ്പെടുത്തുന്ന ഓരോ സിനിമയും ജൈവികമായ ഓരോ പഠനപ്രവര്‍ത്തനങ്ങളാണ്.
ചരിത്രവും ചരിത്രപാഠങ്ങളില്‍ കാണാതെ പോയതും അതിന്റെ കാലികസംവാദ സാധ്യതകളുമെല്ലാം സിനിമയെന്ന വിശാലമായ പ്ലാറ്റ് ഫോമിലൂടെ പുതുതലമുറയിലേക്കെത്തിക്കാനാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോടു നടന്ന ആദ്യ ചലച്ചിത്രമേളയില്‍ ശശിധരന് ഡെലഗേറ്റായിരുന്നു.
വടകര സ്വദേശിയായ ഇദ്ദേഹം കാലിക്കട്ട് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഘട്ടത്തിലാണ് ആദ്യമേള.
പിന്നീട് ഒരു മേളയും മുടക്കിയിട്ടില്ല. 25-ാം വര്‍ഷത്തെ മേള കൊച്ചിയില്‍ നടക്കുമ്പോള്‍ ഇദ്ദേഹം കാലടി സംസ്കൃത സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസറാണ്. സിനിമാ, നാടക മേളകള്‍ കേരളത്തിനകത്തും പുറത്തും നടന്നാല്‍ അവിടെ ഡോ. ശശിധരനുമുണ്ടാകും.
ലോകസിനിമയിലെ ആചാര്യന്മാരുടെ സിനിമകളെ കാണാനുള്ള അവസരമൊരുക്കിയത് ചലച്ചിത്ര മേളകളായിരുന്നെന്നു ഡോ. ശശിധരന് ഓര്‍ക്കുന്നു.
അത്തരം ക്ലാസിക്കുകള്‍ ഇപ്പോള്‍ മേളയില്‍ അധികം കാണുന്നില്ലെന്ന നിരാശയുണ്ടെങ്കിലും ഐഎഫ്എഫ്കെയിലെ സിനിമകളൊന്നും നിരാശപ്പെടുത്തുന്നില്ല.
മൂന്നാം ലോകരാജ്യങ്ങളിലെ സിനിമകള്‍ക്കു പ്രാധാന്യം നല്കുന്ന ഐഎഫ്എഫ്കെയുടെ ശൈലി ഉചിതമാണ്.
അധികാര സംവിധാനങ്ങള്‍ക്കുള്ളിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധങ്ങളായി നിര്‍മിക്കപ്പെട്ട സിനിമകള്‍ ശ്രദ്ധേയമാണ്.
കൊച്ചി മേളയിലെ റഷ്യന്‍ സിനിമ ഡിയര്‍ കോമ്രേഡ്, കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പാര്‍ട്ടി സംവിധാനങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നുവരുന്ന പെണ്പ്രതിരോധത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്.
ചരിത്രത്തോടു ഇഴചേര്‍ന്നു കിടക്കുന്നതാണ് ഇത്തരം സിനിമകളെങ്കിലും അവയെല്ലാം പുതിയ കാലഘട്ടത്തോടും സംവദിക്കുന്നുണ്ട്. ക്ലാസ് മുറികളില്‍ നടക്കേണ്ട സംവാദങ്ങളിലേക്കുള്ള വെളിച്ചം കൂടിയാണ് ഇത്തരം സിനിമകള്‍.
അധ്യാപകന് എപ്പോഴും വിദ്യാര്‍ഥി കൂടിയാണല്ലോ. തന്റെ അറിവുകളെ കാലികമാക്കാനുള്ള അവസരമായാണു ഫിലിം ഫെസ്റ്റിവലുകളെ കാണേണ്ടത്- ഡോ. ശശിധരന് പറയുന്നു.
സാമൂഹ്യാധിഷ്ഠിത പഠനരീതിയായ ജനവിദ്യയുടെ പ്രയോക്താവു കൂടിയാണ് ഇദ്ദേഹം.
നാട്ടറിവുകളും കളരിയും സമന്വയിപ്പിച്ചു പിള്ളതാണി എന്നപേരിലുള്ള അതിജീവന സ്വയംപരിശീലനസ്ഥാപനത്തിന്റെ പിന്നിലും ഇദ്ദേഹമുണ്ട്.