കാഞ്ഞൂർ: പെരിയാറിനു കുറുകെ കാഞ്ഞൂർ പഞ്ചായത്തിനെയും പെരുന്പാവൂരിനെയും ബന്ധിപ്പിക്കുന്ന വല്ലംകടവ് -പാറപ്പുറം പാലത്തിന്റെ നിർമാണം പൂർണമായും നിലച്ചു.
കഴിഞ്ഞ പ്രളയത്തിനു ശേഷം കുറച്ചു പണികൾ നടന്നിരുന്നുവെങ്കിലും പിന്നീട് നിർമാണം നിലയ്ക്കുകയായിരുന്നു. പണി മുടങ്ങിയതോടെ 40ഓളം അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി.
സർക്കാരിൽനിന്നു തുക കൃത്യമായി ലഭിക്കാത്തതിനാൽ തെഴിലാളികൾക്ക് പണികൂലി നൽകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് നിർമാണ ഏജൻസിയായ ഇൻകൽ സെഖൂര കണ്‍സോർഷ്യം ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ നിർമാണ കന്പനിക്ക് ആവശ്യമായ പണം നല്‍കിയിട്ടുണ്ടെന്നും കരാറുകാരുടെ അനാസ്ഥയാണ് നിർമാണം തടസപ്പെടാൻ കാരണമെന്നുമാണ് ബ്രിജ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ വിശദീകരണം. കരാർ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് പാലം നിർമാണം പൂർത്തിയാക്കേണ്ടത്.
വ്യവസായ വകുപ്പിന്റെ കീഴിലാണ് കരാറുകാരായ ഇൻകൽ സെഖൂറ കണ്‍സോർഷ്യം. പുതുക്കിയ കരാർ അടിസ്ഥാനത്തിൽ വരുന്ന ഡിസംബറിൽ പണി പൂർത്തിയാക്കണം. എട്ടു കാലുകളുടെയും മൂന്നു കാലുകളുടെ സ്ലാബ് നിർമാണവുമാണ് ഇപ്പോൾ പൂർത്തീയായിരിക്കുന്നത്. 18 ഗർഡറുകളിൽ രണ്ടെണ്ണത്തിന്റെ പണിയും പൂർത്തിയാക്കി.
പാലം പണി പൂർത്തിയായാൽ കാലടിയിലെ ഗതാഗത കുരുക്കിന് വളരെ ആശ്വാസമാകും. കൂടാതെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് വല്ലം കടവ് പാലം വഴി നെടുന്പാശേരി വിമാനത്താവളത്തിലേക്ക് എട്ട് കിലോമീറ്റർ ലാഭിക്കാം.
മൂന്നു മിക്സർ മിഷ്യൻ, 13 ബാർജ്, ക്രയിൻ, ടവർ ക്രയിൻ, രണ്ട് മില്ലർ, കോണ്‍ക്രീറ്റ് പന്പ് ജനറേറ്ററുകൾ, ട്രാക്ടർ തുടങ്ങി വിലപിടിപ്പുള്ള അനേകം മെഷനറികളും തുരുന്പെടുത്ത് കിടക്കുകയാണ്.
പാലത്തിന്റെ നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെടു കൊണ്ട് ലോക്ജനശക്തി പാർട്ടി (എൽജെപി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി നാലിന് ചേരുന്ന യോഗത്തിൽ സമര പരിപാടികൾക്ക് രൂപം കൊടുക്കാനും ആദ്യപടിയായി വാഹന പ്രചരണ ജാഥയും ശ്രദ്ധ ക്ഷണിക്കൽ സമരവും സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികളായ സജീവൻ പാറപ്പുറവും ടി.എൻ. അശോകനും അറിയിച്ചു.