
അങ്കമാലി: പാറമടയുടെ പ്രവർത്തനംമൂലം വീടുകൾക്കും ഇടതുകര കനാലിനും വിള്ളൽ വീഴുന്നു. കനാൽ ചോർന്നു സമീപത്തെ വീടുകളുടെ കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കൈത്തോടുകൾ വഴി മലിനജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുകയാണ്.
കറുകുറ്റി പഞ്ചായത്ത് ഏഴാം വാർഡിൽ ഏഴാറ്റുമുഖം കട്ടിംഗ് ഭാഗത്താണ് കഴിഞ്ഞ ആറു മാസമായി ക്വാറി പ്രവർത്തിക്കുന്നത്.
ചാലക്കുടി ഇടതുകര മെയിൻ കനാൽ 100 അടി താഴ്ചയിലൂടെയാണ് ഇവിടെ കടന്നുപോകുന്നത്. ഇതിന്റെ 60 മീറ്റർ സമീപത്താണ് പാറമട പ്രവർത്തിക്കുന്നത്.
കനാലിന്റെ ആദ്യ ബ്രാഞ്ച് കനാലായ അടിച്ചിലി കനാലിൽ വെള്ളം വിടുന്പോൾ പാറമടയുടെ പ്രവർത്തനംമൂലം ബ്രാഞ്ചു കനാൽ വിണ്ടുകീറി താഴെ സ്ഥലങ്ങളിൽ താമസിക്കുന്ന വീടുകളിലെ കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞൊഴുകി കണ്ണന്പിള്ളി തോട് വഴി ചാലക്കുടി പുഴയിലേക്ക് ചോരുകയാണ്.
ചാലക്കുടി പുഴയുടെ ജലം കുടിവെള്ളമായി ഉപയോഗിക്കുന്നതിനാൽ എത്രയും വേഗം ഏഴാറ്റുമുഖം കട്ടിംഗ് ഭാഗത്തെ പാറമടയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യമുയർന്നു.
പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിക്കണമെന്നും പാറമടയുടെ ലൈസൻസ് പുതുക്കി നൽകരുതെന്നും ചാലക്കുടി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻഒസി പുതുക്കി നൽകരുതെന്നും പാറമട വിരുദ്ധ ജനകീയ ആക്ഷൻ കൗണ്‍സിലും പരിസരവാസികളും ആവശ്യപ്പെട്ടു.
മഹാപ്രളയത്തിൽ ഇവിടെ വലിയ ഉരുൾപ്പൊട്ടൽ ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം പാറമടയുടെ പ്രവർത്തനംമൂലം ഉരുൾപൊട്ടലുണ്ടായി.
എത്രയും വേഗം കാനാലിനുണ്ടാകുന്ന കേടുപാടുകൾ നികത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യ ശക്തമായിരിക്കുകയാണ്.