ആലങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊട്ടപ്പുറം വെസ്റ്റ് വെളിയത്തുനാട് ചെറുപ്പള്ളത്ത് പി.കെ. അലി(51)യാണ് അറസ്റ്റിലായത്. പതിനൊന്നു വയസ് പ്രായമുള്ള വിദ്യാർഥിക്കുനേരേയായിരുന്നു ലൈംഗികാതിക്രമം.
ഒരു വർഷത്തോളമായി മാനസികമായും ശാരീരികമായും ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് വിദ്യാർഥിനി മൊഴി നൽകി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി സംഭവങ്ങൾ പുറത്തുപറയുന്നത്. മധുരപലഹാരങ്ങൾ നൽകി പ്രലോഭിപ്പിച്ചാണ് ഇയാൾ ഉപദ്രവിച്ചിരുന്നതെന്നു പറയുന്നു.
സംഭവം പുറത്തിറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ആലങ്ങാട് വെസ്റ്റ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ വീട്ടിൽനിന്നു പിടികൂടാനായില്ല. പിന്നീട് വീടിന് പരിസരത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.