വൈപ്പിൻ: പുതുവൈപ്പ് എൽപിജി ടെർമിനൽ പദ്ധതി മേഖലയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് എൽപിജി ടെർമിനൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കിയ സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
മൂന്നു കുട്ടികളും വൈദികനും സിസ്റ്റേഴ്സും ഉൾപ്പെടെ 89 പേർ അറസ്റ്റ് വരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ഓളംപേർ മാർച്ചിൽ പങ്കെടുത്തു. റോഡിൽ കുത്തിയിരുന്ന സമരക്കാരെ അരമണിക്കൂർ പിന്നിട്ടപ്പോൾ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു. പ്രവർത്തകർ എതിർത്തിനെത്തുടർന്ന് നേരിയ സംഘർഷവും ഉണ്ടായി.
പദ്ധതി പ്രദേശത്തിനു 100 മീറ്റർ അകലെയായി ബാരിക്കേഡുകൾ തീർത്ത് എറണാകുളം ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മാർച്ച് തടഞ്ഞത്. ഇന്നലെ രാവിലെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വളപ്പിൽ തന്പടിച്ച സമരക്കാർ 9.45 ഓടെയാണ് പദ്ധതി മേഖലയിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് പുതുവൈപ്പിൽ എൽഎൻജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പോലീസ് തടഞ്ഞത്. അറസ്റ്റുവരിച്ച 55 സ്ത്രീകളെയും 25 പുരുഷൻമാരെയും പോലീസ് വലിയ ബസുകളിൽ കളമശേരി എആർ ക്യാന്പിലേക്കും മൂന്ന് കുട്ടികളെയും അവരെ സമരത്തിനെത്തിച്ച രക്ഷിതാക്കളെയും കാക്കനാട് ജുവനൈൽ ഹോമിലേക്കും മാറ്റി. വൈകുന്നേരത്തോടെ ഇവരെ മുളവുകാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയതിനു കേസെടുത്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
സമരത്തെ അഭിസംബോധന ചെയ്ത പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സിജോയ് കുരിശിൻമൂട്ടിൽ, മാർച്ചിൽ ജനങ്ങൾക്കൊപ്പം അണിനിരന്ന സിസ്റ്റർ റെൻസിറ്റ, സിസ്റ്റർ ജെമ്മ, സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സമര സമിതി നേതാക്കളായ എം.ബി. ജയഘോഷ്, കെ.എസ്.മുരളി, സി.ജി. ബിജു, മാഗ്ലിൻ ഫിലോമിന, ബിജു കണ്ണങ്ങനാട്ട് എന്നിവർ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.