ചെറായി: പള്ളിപ്പുറം മുനന്പം അങ്ങാടിയിൽ പൊതുസ്ഥലത്ത് കഴിഞ്ഞ 50 വർഷങ്ങളായി നാട്ടുകാർക്ക് തണലേകി സ്ഥിതിചെയ്യുന്ന തണൽ മരം മുറിക്കുന്നതിനു വീണ്ടും സ്വകാര്യ വ്യക്തിയുടെ ശ്രമം നടത്തുന്നതായി പള്ളിപ്പുറം വികസന ജനകീയ സമിതി ആരോപിച്ചു. ഇയാൾ പുതുതായി നിർമിച്ചിട്ടുള്ള കെട്ടിടത്തിനു തടസമാകുമെന്ന കാരണത്താൽ പഞ്ചായത്തിന സ്വാധീനിച്ചാണ് വീണ്ടും ശ്രമം നടത്തുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഹരിത വൈപ്പിൻ പദ്ധതി ആവിഷ്കരിച്ച് എംഎൽഎയും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനിടയിലാണ് യാതൊരു കേടുപാടുകളുമില്ലാതെ കഴിഞ്ഞ അരനൂറ്റാണ് കാലമായി സ്ഥിതിചെയ്യുന്ന തണൽ മരം മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നത്. പഞ്ചായത്ത് അനുവാദം നൽകിയെന്ന് പറഞ്ഞ് ഈ വർഷം ഫെബ്രുവരിയിൽ മരം മുറിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു.
എന്നാൽ സംരക്ഷണ സമിതി പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിനും പരാതി നൽകിയതിനെത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് തടയുകയും സമിതിയെ ചർച്ചക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്മാർ എത്തി പരിശോധന നടത്തി. മരത്തിനു പോടുണ്ടെങ്കിൽ മുറിച്ചുമാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മൂന്നു മാസങ്ങൾക്ക് ശേഷം ഇന്നലെ സമിതി ചെയർമാൻ വി.എക്സ്. ബനഡിക്ടിനെ വിളിച്ചു വരുത്തുകയും മരത്തിനു ഭാവിയിൽ പോടുണ്ടായേക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മരം മുറിക്കാൻ തടസം നിൽക്കരുതെന്നും പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടു. എന്നാൽ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയതൊഴിച്ചാൽ 145 ഇഞ്ച് തടിവണ്ണമുള്ള മരത്തിനു കേടുപാടുകളോ മരം കൊണ്ട് മറ്റ് അപകട സാധ്യതകളോ ഒന്നും ഇല്ലെന്നാണ് സ്ഥലത്തുവന്ന് പരിശോധിക്കുന്ന ഏവരുടേയും അഭിപ്രായമെന്ന് സമിതി പറയുന്നു.
ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് പരിശോധിക്കാതെ ഭാവിയിൽ ഇതിനു പോടുണ്ടായേക്കുമെന്ന റിപ്പോർട്ട് പഞ്ചായത്ത് സമ്മർദം ചെലുത്തി എഴുതി വാങ്ങിയതാണെന്നും സത്യസന്ധമല്ലാത്ത റിപ്പോർട്ട് എഴുതിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരേയും പരാതി നൽകുമെന്നും അനാവശ്യമായി മരംമുറിക്കാൻ ശ്രമിച്ചാൽ പരിസ്ഥിതി പ്രവർത്തകരെ സംഘടിപ്പിച്ച് സമരം സംഘടിപ്പിക്കുമെന്നും സമിതി ചെയർമാൻ വി.എക്സ്. ബനഡിക്ട് മുന്നറിയിപ്പ് നൽകി.