കോതമംഗലം: മക്കളെയും ബന്ധുകളെയും മാനിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടു പോയശേഷം മക്കൾ സംരക്ഷിക്കുന്നില്ലെന്നും ചെലവിനു നൽകുന്നില്ലെന്നും പരാതി നൽകിയ പിതാവിനോട് സ്വന്തം വീട്ടിൽ മക്കളുടെ സംരക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് ഉത്തരവ്.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച് മെയ്ന്റെനൻസ് ട്രൈബ്യൂണൽ കോതമംഗലം താലൂക്കിൽ നടത്തിയ അദാലത്തിലാണ് ഉത്തരവിട്ടത്.
മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കാതെ കഷ്ടപ്പെടുത്തിയ മകനോട് 15 ദിവസത്തിനുള്ളിൽ വീട്ടിൽനിന്നു മാറി താമസിക്കാനും നിശ്ചിത തുക മാതാപിതാക്കൾക്ക് ജീവിത ചെലവുകൾക്ക് നൽകാനും വിധിച്ചു.
വസ്തു എഴുതി വാങ്ങിയ ശേഷം മാതാപിതാക്കൾക്കു പരിഗണന നൽക്കാതെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ച മകനോട് വസ്തുക്കൾ പിതാവിന് തിരിച്ച് എഴുതി നൽക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.
ആർഡിഒ പി.എൻ. അനി, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, കെ.ആർ. ബിബിഷ്, എസ്. അനു എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
നവംബർ രണ്ട്, ഒന്പത്, 16, 25 എന്നീ ദിവസങ്ങളിൽ പ്രാദേശിക അടിസ്ഥാനത്തിൽ അദാലത്തുകൾ നടത്താൻ ട്രൈബ്യുണൽ തീരുമാനിച്ചു.