വൈക്കം: എറണാകുളം-കോട്ടയം റൂട്ടിലെ ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലവും പരിസരവും വിനോദസഞ്ചാരികൾക്കും വഴിയാത്രക്കാർക്കും വിശ്രമകേന്ദ്രമാക്കുന്നതിനു ഭൗതിക സാഹചര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കാലപ്പഴക്കവും അനധികൃത മണൽവാരൽ മൂലവും ഗതാഗതയോഗ്യം അല്ലാതായിത്തീർന്ന പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചതോടെ പഴയപാലവും പരിസരവും വിനോദ സഞ്ചാരികളുടെയും യാത്രികരുടെയും ഇഷ്ടകേന്ദ്രമായി മാറിയിട്ടും വികസനത്തിനു സഹായകരമായ പ്രവൃത്തികളൊന്നും അധികൃതർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചെമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മൂന്ന് ഊഞ്ഞാലും ഒരു ചാരു ബഞ്ചും സ്ഥാപിച്ച് അവളിടം സ്ത്രീ സൗഹൃദപാർക്കാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ചില സന്നദ്ധ സംഘടനകൾ കലാപരിപാടികൾ നടത്തി പഴയ പാലവും പരിസരവും ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. സഞ്ചാരികൾക്കു തണലിടമൊരുക്കി കുടുംബശ്രീയുടെ നാടൻ ഭക്ഷണശാല ആരംഭിച്ചാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കും വാഹന യാത്രികർക്കും ഉപകാരപ്രദമാകുമായിരുന്നു.
കഴിഞ്ഞ തവണ ചെമ്പിലരയൻ സ്മാരക വള്ളംകളി മുറിഞ്ഞപുഴയിൽ നടത്തിയപ്പോൾ വേദിയായത് ഇവിടത്തെ പഴയ പാലമായിരുന്നു. മുവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞപുഴ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് ഏതാനും മീറ്ററുകൾക്കപ്പുറമാണ് വേമ്പനാട്ട് കായലിൽ സംഗമിക്കുന്നത്. പുഴ കായൽസൗന്ദര്യം ഒരേ സമയം നുകരാൻ കഴിയുന്ന മുറിഞ്ഞപുഴ ഇപ്പോൾത്തന്നെ വിനോദ സഞ്ചാരികളുടെ ഇഷ്ടലൊക്കേഷനാണ്.
തുരുത്തുകളാൽ സമ്പന്നമാണ് ചെമ്പ് പഞ്ചായത്ത്. നാലു വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട പൂക്കൈത തുരുത്ത് മുറിഞ്ഞപുഴ പാലത്തിനു കിഴക്കു ഭാഗത്താണ്. 45 കുടുംബങ്ങൾ പാർക്കുന്ന തുരുത്തിലെ ജനജീവിതം വള്ളങ്ങൾ ആശ്രയിച്ചാണ്. മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബങ്ങളാണ് തുരുത്തുകളിൽ അധികവും.