വൈപ്പിൻ: വൈപ്പിനിൽ നിന്നും മത്സ്യബന്ധന വള്ളങ്ങളുമായി മത്സ്യതൊഴിലാളികൾ വെള്ളപ്പൊക്ക ബാധിത മേഖലയിലേക്കു തിരിച്ചു. കാളമുക്ക് ഗോശ്രീപുരം ഹാർബറിൽനിന്നും 15 വള്ളങ്ങളാണ് ഇന്നലെ പുറപ്പെട്ടത്. റവന്യൂ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലോറികളിലും ട്രെയിലറുകളിലും മറ്റും കയറ്റിയാണ് വള്ളങ്ങൾ കൊണ്ട് പോയത് ഒപ്പം മൂന്നും നാലും ഗ്രൂപ്പുകളായി 50 ഓളം മത്സ്യത്തൊഴിലാളികളും പോയിട്ടുണ്ട്.
വള്ളങ്ങളെല്ലാം പറവൂർ, ആലുവ, ഏലൂർ, വരാപ്പുഴ, മേഖലയിലെ ഫയർ സ്റ്റേഷനുകളിലാണ് എത്തിച്ചിട്ടുള്ളത്. മുൻ കരുതലെന്നോണമാണ് വള്ളങ്ങൾ ഓരോ ഫയർ സ്റ്റേഷൻ കേന്ദ്രീകരിച്ചും സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളുടെ രക്ഷക്കായി ഏറ്റവും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ പറ്റിയത് വള്ളങ്ങളായിരുന്നു. ഈ തിരിച്ചറിവാണ് അധികൃതർ മുൻ കരുതലെന്നോണം വള്ളങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
ആവശ്യമെങ്കിൽ ഇനിയും വള്ളങ്ങൾ പോകാൻ സജ്ജമായി കിടപ്പുണ്ട്. മത്സ്യത്തൊഴിലാളി നേതാക്കളായ ചാൾസ് ജോർജ്ജ്, പി.വി. ജയൻ മത്സ്യത്തൊഴിലാളി സഹകരണസംഘം ഭാരവാഹികൾ എന്നിവരും ഉദ്യോഗസ്ഥരും ചേർന്നാണ് വള്ളങ്ങൾ കയറ്റി വിടുന്നത്.