മുംബൈ: സര്‍ക്കാരിന്റെ ഭാവി അറിയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കൈനോട്ടക്കാരനെ സന്ദര്‍ശിച്ചതു വിവാദമായി. അന്ധവിശ്വാസങ്ങളും ദുര്‍മന്ത്രവാദവും നിരോധിക്കാനുള്ള നിയമത്തിനെതിരായ നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുയര്‍ന്നു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഷിന്‍ഡേയുടെ പ്രവര്‍ത്തികളെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നു.
നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഇന്നലെ ഷിര്‍ദ്ദി സായിബാബയെ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഷിർദ്ദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷിന്‍ഡേ കൈനോട്ടക്കാരന് നടത്തുന്ന നാസിക് ജില്ലയിലെ സിന്നാറിലുള്ള ക്ഷേത്രത്തില്‍ എത്തിയത്.
ഷിന്‍ഡേയോടൊപ്പം ഭാര്യയുമുണ്ടായിരുന്നു. ഇരുവരും അവിടെ നടത്തിയ പ്രത്യേക പൂജയില്‍ പങ്കെടുത്തു. തുടര്‍ന്നാണ്, ഷിന്‍ഡേയുടെ കൈനോക്കി ജ്യോത്സ്യന് സര്‍ക്കാരിന്റെ ഭാവി പ്രവചിച്ചത്.
ഷിന്‍ഡേ ഈ ജ്യോത്സ്യന്റെ ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുള്ളതാണ്. ജ്യോത്സ്യന്റെ പ്രവചനങ്ങള്ക്കനുസരിച്ചാണ് ഷിന്‍ഡേ പല തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണമുണ്ട്.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേ മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളെ അന്ധവിശ്വാസങ്ങളില്തന്നെ തളച്ചിടുമെന്നും വിവിധ സംഘടനകള്‍ പറഞ്ഞു.
അതേസമയം, ക്ഷേത്രങ്ങളില്‍ പോകുന്നതിന് എന്തു വിലക്കാണ് രാജ്യത്തുള്ളതെന്നു ഷിന്‍ഡേ ചോദിച്ചു. ക്ഷേത്രങ്ങൾ സന്ദർശിക്കാനും അവിടങ്ങളിലെ പുരോഹിതന്മാരെ കാണാനും എല്ലാവർക്കും അവകാശമുണ്ടെന്നും ഷിന്‍ഡേ പറഞ്ഞു.ഏക്നാഥ് ഷിൻഡേ ഷിർദ്ദി സായിബാബ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നു.