തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത് എന്ന വാദം തെറ്റാണെന്ന് മന്ത്രി വി. എൻ. വാസവൻ. ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചത് ഇ. കെ. നായനാർ സർക്കാരാണെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
അതിനു ശേഷം വന്ന എ. കെ. ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും വി. എസ്. അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിർവഹിച്ചത് പിണറായി സർക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറോടെ ബർത്തിൽ അടുക്കും. ഇന്ന് അർധരാത്രി തന്നെ കപ്പൽ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം നൽകുന്നത്.