ആലുവ: ടെലിഫോൺ നമ്പർ തപ്പിയെടുത്ത് ആവശ്യമറിയിച്ച മൂന്നാം ക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ വക സ്മാർട്ട് ഫോൺ സമ്മാനം.
ആലുവ കമ്പനിപ്പടിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഇഹ്സാനയ്ക്കാണ് ഓൺലൈൻ അധ്യയന വർഷാരംഭത്തിൽ തന്നെ മുഖ്യമന്ത്രിയുടെ സമ്മാനം പോലീസ് ഉദ്യോഗസ്ഥർ വഴി വീട്ടിലെത്തിയത്.
സ്ക്കൂൾ തുറക്കുമ്പോൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഫോണില്ല. ഉണ്ടായിരുന്ന പഴയ ഫോൺ കേടായി. നന്നാക്കിയാലും ശരിയാകില്ലെന്ന് കടക്കാർ പറഞ്ഞു.
പുതിയത് മേടിയ്ക്കാൻ അമ്മയ്ക്കു നിവൃത്തിയുമില്ല. അപ്പോഴാണ് ടെലഫോൺ നമ്പർ തപ്പിയെടുത്ത് കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്.
ഫോൺ എടുത്ത ഉദ്യോഗസ്ഥൻ സംഭവം പരിശോധിക്കാൻ എആർ ക്യാമ്പിലെ സബ് ഇൻസ്പക്ടറായ ജെ. ഷാജി മോനോട് നിർദേശിച്ചു. തുടർന്ന് അദ്ദേഹം അന്വേഷിച്ചതിൽ സംഭവം ശരിയാണെന്നും ഫോൺ ഞങ്ങൾ വാങ്ങിക്കൊടുത്തോളാമെന്നും അറിയിക്കുകയായിരുന്നു.
പഠിക്കാൻ മിടുക്കിയായ ഇഹ്സാനയ്ക്ക് അമ്മ മാത്രമാണ് കൂട്ടിനുള്ളത്. പഠിക്കാൻ എന്തൊക്കെ വാങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ നിഷ്കളങ്കമായി കുട്ടി അമ്മയെ നോക്കി ചിരിച്ചു.
അതിന്റെ അർഥം മനസിലാക്കി ആവശ്യത്തിനു പുസ്തകവും പേനയുമൊക്കെ വാങ്ങി നൽകിയാണ് ഉദ്യോഗസ്ഥർ യാത്രയായത്.
കേരളാ പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ജെ. ഷാജി മോൻ, പോലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എം. അജിത് കുമാർ, എം.വി. സനിൽ എന്നിവരാണ് വീട്ടിലെത്തിയത്.