മുളങ്കുന്നത്തുകാവ്: പോലീസുകാരന്റെ ഇടപെടലിനെതുടർന്ന് മോഷ്ടിച്ച സ്കൂട്ടർ ഉപേക്ഷിച്ച് യുവതി ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴിനു കുറാഞ്ചേരിയിലാണ് സംഭവം.
ചേലക്കര സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ ബിനോയ് രാവിലെ ജോലിക്കായി ബൈക്കിൽ പോകുന്പോളാണ് വഴിയിൽ ടിവിഎസ് സ്കൂട്ടറുമായി ആരെയോ കാത്തുനിൽക്കുന്ന യുവതിയെ കണ്ടത്.
യൂണിഫോമിൽ അല്ലാത്ത ബിനോയ് യുവതിയെ തിരിച്ചറിഞ്ഞ് അടുത്തുചെന്നു വിവരം തിരക്കി. യുവതി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ആദ്യം പറഞ്ഞത്.
ബിനോയ് അല്പം മാറി ഫോണ് ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ യുവതി വാഹനം ഉപക്ഷിച്ച് ഓടിരക്ഷപ്പെടുകയും പിന്നീട് ബസിൽ കയറി പോകുകയുമായിരുന്നു.
യൂണിഫോമിൽ അല്ലാത്തതുകൊണ്ടും, ഒരു യുവതിയുടെ പിന്നാലെ ഓടുന്നതു ശരിയല്ലെന്നു കരുതിയും ബിനോയ് പിൻവാങ്ങുകയായിരുന്നു.
യുവതി നിരവധി കേസിലെ പ്രതിയാണ്. ഹോം നഴ്സായി ജോലിചെയ്യുന്പോൾ വീട്ടുകാരെ മയക്കിക്കിടത്തി വിലപിടിപ്പുള്ള സാധനങ്ങളും വാഹനങ്ങളും കവർന്ന കേസിലെ പ്രതിയാണ് യുവതി.
മെഡിക്കൽ കോളജ് പോലീസും മാസങ്ങൾക്കുമുന്പ് സ്വർണം തട്ടിയെടുത്ത കേസിൽ യുവതിയെ അറസ്റ്റുചെയ്തിരുന്നു. അന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നയാളാണ് ബിനോയ്.
ഉപക്ഷിച്ച വാഹനം മെഡിക്കൽ കോളജ് പോലിസ് കസ്റ്റഡിയിൽ എടുത്തു. ഉടമയെ അന്വേഷിച്ചുവരുന്നു.