എല്‍ ക്ലാസിക്കോ ജ്വരം; സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ഇന്ന്

el_calsicoബാഴ്‌സലോണ: ഫുട്‌ബോള്‍ പ്രണയികള്‍ക്ക് ഇന്ന് ആനന്ദോത്സവം. ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം. സ്പാനിഷ് വമ്പന്മാരുടെ പോരാട്ടം –എല്‍ ക്ലാസിക്കോയില്‍ ഇന്ന് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയുമായി കൊമ്പുകോര്‍ക്കും. ബാഴ്‌സയുടെ തട്ടകമായ ന്യൂകാമ്പില്‍ നടക്കുന്ന എല്‍ക്ലാസിക്കോ രണ്ടു ടീമിനും വളരെ പ്രധാനപ്പെട്ടതാണ്. ലാ ലിഗയില്‍ മികവിലെത്താന്‍ വിഷമിക്കുന്ന ബാഴ്‌സലോണയ്ക്കു റയലിനെതിരേ നേടുന്ന ജയം ആത്മവിശ്വാസം കൂട്ടും. തോല്‍വിയാണ് നേരിടുന്നതെങ്കില്‍ ബാഴ്‌സലോണയ്ക്ക് ഈ പ്രാവശ്യം കിരീടം ഒരുപക്ഷേ റയലിനു മുന്നില്‍ ലീഗ് കിരീടം അടിയറ വയ്‌ക്കേണ്ടിവരും. അഞ്ചു വര്‍ഷമായി ലാ ലിഗ കിരീടം അകന്നു നില്‍ക്കുന്ന റയല്‍ ഇത്തവണ കിരീടമാണ് ലക്ഷ്യമിടുന്നത്. ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത റയല്‍ വിജയം നേടിയാല്‍ റിക്കാര്‍ഡ് കാത്തു സൂക്ഷിക്കാനും ഒപ്പം പോയിന്റുനിലയും മെച്ചപ്പെടുത്താം.

രണ്ടാമതുള്ള ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി ഉയരും. കഴിഞ്ഞ സീസണില്‍ സാന്റിയാഗോ ബര്‍ണേബുവിലേറ്റ 4–0ന്റെ പരാജയത്തിനു ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ 2–1ന് തോല്‍പ്പിച്ചുകൊണ്ട് റയല്‍ പകരംവീട്ടി. അതുകൊണ്ടു തന്നെ ബാഴ്‌സലോണയ്ക്ക് ചിരവൈരികളില്‍നിന്നേറ്റ പരാജയത്തിനു മറുപടിയും നല്‍കേണ്ടതുണ്ട്.

നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണ മികച്ച ഫോമിലല്ല. അവസാന രണ്ടു മത്സരം സമനിലയായിരുന്നു. റയലാണെങ്കില്‍ നാലു തുടര്‍ ജയത്തോടെ മികവിലാണ്. ടീമിലാര്‍ക്കും പരിക്കില്ലെന്നത് ബാഴ്‌സയ്ക്ക് ആശ്വാസമാണ്. നായകന്‍ ആന്ദ്രെ ഇനിയെസ്റ്റയുടെ തിരിച്ചുവരവും ബാഴ്‌സയുടെ മധ്യനിരയില്‍ ഉണര്‍വാകും. എന്നാല്‍ റയലിന്റെ പ്രധാന താരങ്ങള്‍ക്കേറ്റ പരിക്ക് അവരെ എത്രമാത്രം ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ഗാരത് ബെയ്‌ലിനു പരിക്കിനെത്തുര്‍ന്ന് രണ്ടു മാസം കളത്തിലിറങ്ങാനാവില്ല. മധ്യനിരയിലെ ടോണി ക്രൂസിന്റെ കാല്‍പ്പാദത്തിലെ എല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബാഴ്‌സയ്‌ക്കെതിരേ ഇറങ്ങില്ല.രണ്ടു മാസം കാലിനു പരിക്കേറ്റതിനെത്തുടര്‍ന്ന് പുറത്തിരുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസേമിറോ ബാഴ്‌സലോണയ്‌ക്കെതിരേ ഇറങ്ങുമെന്നാണ് കരുതുന്നത്.

Related posts