മുക്കം : നാട്ടുകാരെയും പുഴവെള്ള മുപയോഗിക്കുന്നവരെയുമെല്ലാം ആശങ്കയിലാഴ്ത്തി ഇരുവഴിഞ്ഞിപുഴയില്‍ പായൽ പ്രതിഭാസം രൂപപ്പെട്ട് മാസമൊന്ന് പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.
ആരോഗ്യ വകുപ്പ് പേരിന് ഒരു തവണ സന്ദർശനം നടത്തിയതല്ലാതെ വെള്ളം വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാൻ ഇത് വരെ തയാറായിട്ടില്ല. പഞ്ചായത്തധികൃതരും നിസംഗത തുടരുകയാണ്.
ഒരു മാസം മുമ്പാണ് കട്ടി കൂടിയ പായല്‍ പ്രതിഭാസം ഇരുവഴിഞ്ഞിയിൽ കണ്ടത്. രണ്ട് വര്‍ഷം മുമ്പ് ചാലിയാറിലും ഇതേ പുഴയിലും കണ്ടെത്തിയിരുന്ന വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്ഗയെന്ന സെെനോ ബാക്ടീരിയയുടെ സാന്നിധ്യമാണോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നു
. കൊടിയത്തൂര്‍ പഞ്ചായത്തിലെ കോട്ടമുഴി കടവിലും കാരശ്ശേരി പഞ്ചായത്തിലെ മാളിയേക്കല്‍ ഭാഗത്തുമാണ് ആദ്യഘട്ടത്തിൽ വ്യാപകമായി പായല്‍ സാന്നിധ്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് മുക്കം കടവ് വരെ വ്യാപിച്ചി്ട്ടുണ്ട് .
ജനുവരി 20 ഓടെ ചെറിയ തോതില്‍ കണ്ട് തുടങ്ങിയ പായല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നിലച്ചതാണ് ഇത് പടരാന്‍ കാരണമായത് .
പുഴയിലെ മാലിന്യ നിക്ഷേപവും ഇതിന് കാരണമാണെന്ന് വിദഗ്ദര്‍ പറയുന്നു. ജലത്തില്‍ നൈട്രേറ്റിന്റെയും ഫോസ്ഫറേറ്റിന്റെയും അളവ് കൂടുമ്പോഴാണ് നദികളില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ നിറയുന്നത്.
കഴിഞ്ഞ തവണ ചാലിയാറിലെ വെള്ളം പരിശോധിച്ച സി ഡബ്ല്യൂ ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ പ്രാഥമിക പരിശോധനയില്‍ സൈനോ ബാക്ടീരിയ എന്ന സൂഷ്മാണു ജലത്തില്‍ പടര്‍ന്നതാണ് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ഇത് വളരുന്നത് വെള്ളത്തിലെ ഒാക്സിജന്റെ അളവ് ഇല്ലാതാക്കും.മത്സ്യ സമ്പത്തിനടക്കം ഭീഷണിയാണ് ഈ ആല്‍ഗയുടെ സാന്നിധ്യം. രണ്ട് വര്‍ഷം മുമ്പ് ചാലിയാറില്‍ കണ്ടെത്തിയ പായല്‍ പിന്നീട് ഇരുവഴിഞ്ഞി പുഴയിലേക്കും വ്യാപിച്ചിരുന്നു.
തുടര്‍ന്ന് കോഴിക്കോട് സി ഡബ്ല്യൂ ആര് സി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പുഴവെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു .
നിരവധി ജല വിതരണ പദ്ധതികളും നൂറു കണക്കിനാളുകള്‍ കുളിക്കുന്നതുമായ പുഴയിലെ പ്രതിഭാസം ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യമാണെങ്കില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണെന്ന് വിദഗ്ദര്‍ പറയുന്നു.
വേനല്‍ക്കാലമായതോടെ കവണക്കല് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ മുഴുവന്‍ ഷട്ടറുകളും താഴ്ത്തിയ നിലയിലാണ് .ഇത് പുഴയുടെ ഒഴുക്കിനെ സാരമായി ബാധിക്കാറുണ്ട്.പുഴയിലെ പ്രതിഭാസത്തെ ക്കുറിച്ച് വിശദമായ പഠനം നടത്തണ മെന്നാണ് നാട്ടുകാരുടെ ആവശ്യം .