കട്ടപ്പന: സുഗന്ധവ്യഞ്ജന റാണിക്കു പൊന്നിനേക്കാൾ വില!. ഒരുഗ്രാം സ്വർണത്തിനു 2,975 രൂപയാണെങ്കിൽ ഒരുകിലോ ഏലക്കായുടെ വില 3,000 രൂപയാണ്. ഇന്നലെ പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ – ലേലങ്ങളിലാണ് റിക്കാർഡുകൾ തകർത്ത് ചരിത്രത്തിലാദ്യമായി ഉയർന്ന വില 3,000 രൂപയിലെത്തിയത്.
ശരാശരി വിലയും സർവകാല റിക്കാർഡായ 2154.01 രൂപയിലെത്തി. ഉച്ചകഴിഞ്ഞു നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ 151 ലോട്ടുകളിലായി പതിഞ്ഞ 27,030.4 കിലോ ഏലക്കായും വിറ്റുപോയി.
രാവിലെ നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസ് ലിമിറ്റഡ് ഏജൻസിയുടെ ലേലത്തിലും ഉയർന്ന വില 2,400 രൂപയും ശരാശരി വില 2,124.51 രൂപയും രേഖപ്പെടുത്തി. 279 ലോട്ടുകളിലായി പതിഞ്ഞ 48,235.8 കിലോ ഏലക്കയിൽ 46,168.4 കിലോയുടെയും വിൽപന നടന്നു. ലേലചരിത്രത്തിൽ ആദ്യമായാണ് ശരാശരി വില രണ്ടായിരം കടക്കുന്നത്.
കഴിഞ്ഞ 16 മുതൽ ഇന്നലെ വരെ നടന്ന ഒൻപതു ലേലങ്ങളിലും രണ്ടായിരത്തിനു മുകളിലാണ് ഉയർന്ന വില രേഖപ്പെടുത്തിയത്. കൂടാതെ ശരാശരി വിലയും ഓരോദിവസവും വർധിച്ചുവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ശരാശരി വിലയിൽ 443 രൂപയുടെ വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24മുതൽ പ്രതിദിനം രാവിലെയും ഉച്ചകഴിഞ്ഞുമായി രണ്ടു ലേലങ്ങളാണ് നടക്കുന്നത്.
സീസണ് അവസാനിച്ചതോടെ ലേല കേന്ദ്രങ്ങളിൽ വിൽപനയ്ക്കെത്തുന്ന ഏലക്കയുടെ അളവ് കുറഞ്ഞതോടെയാണ് രണ്ടു ലേലം നടത്താൻ സ്പൈസസ് ബോർഡ് തീരുമാനിച്ചത്.