അടിമാലി: ഏലക്ക വില്പനയുടെ മറവിൽ കോടികൾ കബളിപ്പിച്ചെന്ന ഏലം കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യസൂത്രധാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന.അടിമാലി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽനിന്ന് ഇയാളെ പിടികൂടിയതായാണ് വിവരം. കൊന്നത്തടി അടക്കം ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് കർഷകരെ പറ്റിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അടിമാലി, വെള്ളത്തൂവൽ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇടുക്കിയിലെ പല കേന്ദ്രങ്ങളിലും ഏലക്ക സംഭരണകേന്ദ്രങ്ങൾ ആരംഭിച്ച് മൊത്തമായും ചില്ലറയായും ഏലക്കായ്കൾ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
വിപണി വിലയെക്കാൾ 1000 രൂപ വരെ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷമാണ് പണം നൽകാതെ കർഷകരെയും ഇടനിലക്കാരെയും വ്യാപാരികളെയും ഇയാൾ കബളിപ്പിച്ച് മുങ്ങിയത്. കൊന്നത്തടി പഞ്ചായത്തിലെ പണിക്കുംകൂടി കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഏലക്കായ്കൾ സംഭരിച്ചിരുന്നത്.
അന്ന് ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകിയിരുന്നു. പിന്നീട് 30 മുതൽ 45 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്കായ്കൾ സംഭരിച്ച് ലോഡ് കയറ്റി അയച്ചിരുന്നത്. കർഷകരേക്കാൾ അധികം ഇടനില വ്യാപാരികളാണ് കബളിപ്പിക്കപ്പെട്ടത്.
പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുകയാണ്. ഒന്നുമുതൽ 70 ലക്ഷം രൂപ വരെ പലർക്കും ലഭിക്കാൻ ഉണ്ടത്രേ.
എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലി മിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകയ്ക്കെടുത്ത ശേഷം ജോലിക്കാരെ വച്ച് ഏലക്ക സംഭരിക്കുകയായിരുന്നു.
ഏലക്കായ്കൾ മൊത്തമായി വാങ്ങി ഗ്രേഡ് തിരിച്ച് ലോഡ് കയറ്റുന്നതിന് നിരവധി ജീവനക്കാരേയും പലയിടങ്ങളിലായി കമ്പനിയുടെ പേരിൽ നിയോഗിച്ചിരുന്നു.
കർഷകരിൽനിന്നും കമ്മീഷൻ വ്യവസ്ഥയിൽ ഏലക്കായ വാങ്ങി കമ്പനിക്ക് കൈമാറാൻ നിരവധി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി കർഷകർ പറയുന്നു. പിടികൂടിയ ഇയാളെ അടിമാലി സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തും.