വടക്കഞ്ചേരി: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റബർമരങ്ങൾ ഇലകൊഴിഞ്ഞ് ഉണക്കുഭീഷണിയിൽ.പാലക്കുഴിപോലുള്ള ഉയർന്ന മലന്പ്രദേശങ്ങളിലാണ് രോഗം വ്യാപകമായി കാണപ്പെടുന്നത്. സ്വാഭാവിക ഇലകൊഴിച്ചിലിനുശേഷം പിന്നീടുവരുന്ന ഇലകളാണ് ഒന്നിച്ചു കൊഴിഞ്ഞ് മരത്തിന്റെ കരുത്ത് ഇല്ലാതാകുന്നത്.
രണ്ടാമത് ഇലകൾ കൊഴിഞ്ഞ മരത്തിൽ പിന്നേയും ഇലകൾ വരാനുള്ള സാധ്യത കുറവാണെന്ന് കർഷകർ പറയുന്നു.
അങ്ങനെ വന്നാൽ തന്നെ അത് മരത്തിന്റെ വളർച്ചയേയും ബാധിക്കും. തണുപ്പ് കൂടുതലായി ഉണ്ടാകുന്ന ഫംഗസ് രോഗമാണിതെന്നു പറയുന്നു. തോട്ടങ്ങളിലെല്ലാം ഇലകൾ കൊഴിഞ്ഞു കൂടിക്കിടക്കുന്ന കാഴ്ച കർഷകർക്ക് സഹിക്കാവുന്നതല്ല.
പുതിയതായി വരുന്ന തളിര് ഇലകൾ ചുരുണ്ടു ദിവസത്തിനുള്ളിൽ കൊഴിയുകയാണെന്ന് കർഷകർ പറയുന്നു.
ഇലകൾക്ക് നല്ല മഞ്ഞപ്പും പടരുന്നുണ്ട്. റബറിന് വിലയില്ലാത്തതിനാൽ വലിയ തുക മുടക്കി രോഗത്തിനെതിരേ മരുന്നുതളിക്കാനും കർഷകർ മെനക്കെടുന്നില്ല.
മരുന്നുതളിക്കാൻ ആളെ കിട്ടാത്തതും കർഷകരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മലയോരങ്ങളിൽ മരംകോച്ചുന്ന തണുപ്പാണ്. പകൽസമയത്തെ മൂടലും രോഗവ്യാപനത്തിനു വഴിവയ്ക്കുന്നു.