ആലപ്പുഴ: രണ്ടു വർഷം മുന്പ് ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ചെന്നൈയിലേക്കു വണ്ടി കയറുന്പോൾ സജേഷ് പരമേശ്വരൻ എന്ന യുവഗായകന് വഴിമധ്യേ നേരിടേണ്ടി വന്ന ദുർഘടങ്ങൾ ഒന്നിന്റേയും അവസാനമായിരുന്നില്ല, തുടക്കമായിരുന്നു. ലഭിച്ച അവസരം കൈവിട്ടുപോയില്ല. നഷ്ടപ്പെട്ട ബസും ബാഗും തിരികെ കിട്ടി. ഒപ്പം പിന്നണി ഗാനരംഗത്തേക്ക് സജേഷ് പരമേശ്വരൻ എന്ന പേരു കൂടി എഴുതിചേർക്കപ്പെട്ടു. ഒടുവിൽ ഇപ്പോൾ തമിഴകത്തെ അജന്ത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
മികച്ച ഗായകർക്ക് നൽകുന്ന ഒന്നാണ് അജന്ത അവാർഡ്. യേശുദാസ്, ചിത്ര എന്നിവർ ഉൾപ്പടെയുള്ള പ്രഗല്ഭർ ഏറ്റുവാങ്ങിയ പുരസ്കാരമാണിത്. യേശുദാസിന്റെ ശബ്ദസാമ്യം ഒരു വരദാനമായി സജേഷ് മനസിൽ സൂക്ഷിക്കുന്നു. കുറച്ചു മലയാള സിനിമകൾക്ക് പാടിയിട്ടുണ്ടെങ്കിലും വെളിച്ചം കണ്ടില്ല. പ്രശസ്ത നിർമാതാവ് നൗഷാദ് ആലത്തൂരിന്റെ പുതിയ പടത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് ചുവടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഈ ഗായകൻ.
അതേസമയം തമിഴിൽ സാധനൈ പയനം, തിരുന്പി പാർ, കലാം ട്വന്റി, മാപ്പിളൈ പോലീസ് തുടങ്ങി എട്ടോളം സിനിമകളിൽ പാടി. മലയാളികൾക്ക് അത്ര പരിചിതനല്ലാത്ത ഈ ഗായകൻ തമിഴ്നാട്ടുകാർക്ക് ഇളമൈ യേശുദാസാണ്. ഗോവിന്ദൻ ഭാഗവതരിലൂടെ സംഗീതാഭ്യസനം തുടങ്ങിയ ഇദ്ദേഹം മരുത്തോർവട്ടം ഉണ്ണികൃഷ്ണനിലൂടെ ഇന്നും സംഗീതം ഹൃദയത്തോടു ചേർക്കുന്നു.
അധ്യാപികയായ സന്ധ്യയാണ് ഭാര്യ. ജന്മം കൊണ്ടുള്ള ശാരീരിക വൈകല്യാവസ്ഥകളെ മറികടന്ന് സംഗീതത്തിലും നൃത്തത്തിലും ചിത്രരചനയിലും മികവു പുലർത്തുന്ന മകൾ സാന്ദ്ര സജേഷിന് നൊന്പരവും ഒപ്പം സാന്ത്വനവുമാണ്.
കുട്ടികൾക്കായുള്ള ആലപ്പി രംഗനാഥ് ഒരുക്കിയ പത്ത് ഗാനങ്ങളുടെ പണിപ്പുരയിലാണ് സജേഷിപ്പോൾ. ഒപ്പം തമിഴിൽ നിന്നുള്ള നിരവധി അവസരങ്ങളും.