കൊച്ചി: എളമക്കര പോണേക്കരയിൽ യുവാവിനെയും യുവതിയെയും വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ്. മൃതദേഹം കണ്ടെത്തിയ ഇന്നലെ രാത്രിയിൽതന്നെ നടത്തിയ അന്വേഷണത്തിലാണു പോലീസിന്റെ കണ്ടെത്തൽ. ഒരുമിച്ചു താമസിച്ചുവരികേ യുവതിയിലുണ്ടായ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും യുവതിയെ കുത്തിക്കൊന്നതായി യുവാവ് സുഹൃത്തിനെ ഫോണിൽവിളിച്ചറിയിച്ചതായും പോലീസ് പറഞ്ഞു.
എളമക്കര പോണേക്കര മീഞ്ചിറ റോഡിൽ ആന്റണി പറത്തറ ലൈനിൽ വൈഷ്ണവത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം ശശിയുടെ മകൾ മീര (24), പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം കബീറിന്റെ മകൻ നൗഫൽ (28) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:
ഹോട്ടൽ ജീവനക്കാരനായ നൗഫലും ബ്യൂട്ടിപാർലർ ജീവനക്കാരിയായ മീരയും കുറച്ചുമാസങ്ങളായി ഒരുമിച്ചുതാമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിൽനിന്നു വിവാഹമോചനം തേടിയാണു മീര നൗഫലിനൊപ്പം താമസിച്ചുവന്നിരുന്നത്. ഒരുമിച്ച് താമസിച്ചുവരികേ വിവിധ വിഷയങ്ങളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുക പതിവായിരുന്നു.
ഫോണിലേക്കെത്തുന്ന സന്ദേശങ്ങളുടെ പേരിലായിരുന്നു കൂടുതലായും വാക്കുതർക്കമെന്നു പോലീസ് പറയുന്നു. ഇന്നലെയും ഇത്തരത്തിലെന്തെങ്കിലും വാക്കുതർക്കം നടക്കുകയോ മുൻ വൈരാഗ്യമോ ആകാം യുവതിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നിഗമനം. യുവതിയെ കുത്തിക്കൊന്നശേഷം നൗഫൽ ഈ വിവരം കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിച്ചു.
സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു യുവതിയെ കുത്തിക്കൊന്നശേഷംയുവാവ് ജീവനൊടുക്കുകയായിരുന്നു വെന്നു സ്ഥിരീകരിച്ചത്. കൂടാതെ, തൂങ്ങി മരിക്കുകയാണെന്നു നൗഫൽ തന്റ ബന്ധുക്കളെയും വിളിച്ചു പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവർ പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെനിന്ന് എളമക്കര സ്റ്റേഷനിലേക്കു വിവരം കൈമാറുകയുമായിരുന്നു.
ഉടൻ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം മുറിയിൽ കട്ടിലിനു താഴെ നിലത്ത് നഗ്നമായി രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടശേഷം കുത്തികൊലപ്പെടുത്തിയതാകാം എന്നാണ് ഇതുസംബന്ധിച്ച് പോലീസിന്റെ നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്നുതന്നെ കത്തിയും കണ്ടെത്തിയിരുന്നു.
വിവരമറിഞ്ഞു നൗഫലിന്റെ ബന്ധുക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. യുവതിയുടെ വീട്ടുകാരെയും വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു. വാടകവീട്ടിൽതന്നെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് രാവിലെതന്നെ ആരംഭിച്ചു. പോസ്റ്റമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കുവിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.
ഇരുവരുടെയും മരണത്തിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മീരയാണ് വീട് വാടകയ്ക്കെടുത്തിരുന്നത്. സമീപവാസികൾക്ക് ഇവരെക്കുറിച്ചു കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല.