കൊച്ചി: എളമക്കരയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഗ്രാന്‍ഡ് മാളിലെ സെക്യുരിറ്റി ജീവനക്കാരന് ബംഗളൂരു സ്വദേശിയായ മനോജ്കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാന്ഡ്മാളിലെ തന്നെ സൂപ്പര്‍വൈസറായ തിരുവനന്തപുരം സ്വദേശി വിജിത്ത്(42) നെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു.
ഇവര്‍ താമസിച്ചിരുന്ന എളമക്കര മേനംപറമ്പ് റോഡിലെ വീട്ടില്‍ 21 ന് രാത്രിയായിരുന്നു സംഭവം. മനോജ്കുമാറും വിജിത്തും മറ്റൊരു സുഹൃത്തായ ഷാജിയും ഇവിടെയിരുന്ന് രാത്രി മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഷാജി ഉറങ്ങിപ്പോയി.
മദ്യപാനത്തിനിടെ മനോജ്കുമാറും വിജിത്തും തമ്മില്‍ ജോലി സംബന്ധമായ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് കുംഫു മാസ്റ്ററായ വിജിത്ത് മനോജ്കുമാറിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ മനോജിന്റെ വാരിയെല്ലുകള്‍ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി. ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് വിജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനോജ്കുമാറിന്റെ മക്കള്‍ തൃശൂരില്‍നിന്ന് ഇന്നലെ എത്തി മൃതദേഹം ഏറ്റുവാങ്ങി പുല്ലേപ്പടി ശ്മശാനത്തില്‍ സംസ്കരിച്ചു.
വിജിത്തിനെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.എറണാകുളം സെന്‍ട്രല്‍ എസിപി വി.കെ. രാജു, എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ സജീവ്കുമാര്‍, എസ്ഐ രാജേഷ്.കെ. ചെല്ലപ്പന്, എഎസ്ഐ ബിജു, സിപിഒമാരായ അനീഷ്, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.