കോഴിക്കോട്: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത അത്ലറ്റ് പി.ടി. ഉഷയെ പരിഹസിച്ച് സിപിഎം നേതാവും എംപിയുമായ എളമരം കരീം. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യത തെളിയിച്ചാണ് ഉഷ രാജ്യസഭയിലെത്തുന്നതെന്നായിരുന്നു കരീമിന്റെ പരിഹാസം.
ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് മുൻ ഡിജിപി ആര്.ബി. ശ്രീകുമാറിനെയും വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉഷയുടെ പേരു പറയാതെ കരീം വിമർശനമുന്നയിച്ചത്.
സംഘപരിവാറിനു ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതി രാജ്യത്തുണ്ട്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ തൊട്ടടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്കു യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നായിരുന്നു കരീമിന്റെ പരിഹാസം.