വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ വാർഡ് 21 ഇളങ്കാവിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നും വിജയം.സി പി എമ്മിലെ എൻ.രാമകൃഷ്ണൻ 213 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യു.ഡി.എഫ്.സ്ഥാനാർത്ഥി കോണ്‍ഗ്രസിലെ വി.ചെന്താമരാക്ഷൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പി.സ്ഥാനാർത്ഥി പി.എം.സുനിൽ രണ്ടാം സ്ഥാനത്തെത്തി.
മൊത്തം വോട്ട് 1681. പോൾ ചെയ്തത് 1360. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി പി എമ്മിലെ എൻ.രാമകൃഷ്ണൻ 661, ബി.ജെ.പി സ്ഥാനാർത്ഥി പി.എം സുനിൽ 448, യു.ഡി.എഫ്.സ്ഥാനാർത്ഥി കോണ്‍ഗ്രസിലെ വി.ചെന്താമരാക്ഷൻ 251 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.കഴിഞ്ഞ തവണ ഇവിടെ യു. ഡി.എഫിന് 600 വോട്ട് ലഭിച്ചിരുന്നു.
80.90 ശതമാനമായിരുന്നു പോളിംഗ്. ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലായിരുന്നു വോട്ടെണ്ണൽ. തെരഞ്ഞെടുപ്പു് ഫലം അറിയാൻ നിരവധി പാർട്ടി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ തിങ്ങി നിറഞ്ഞിരുന്നു. വിജയത്തിൽ എൽ ഡി എഫ് പ്രവർത്തകർ കിഴക്കഞ്ചേരിയിൽ ആഹ്ലാദ പ്രകടനം നടത്തി .വടക്കഞ്ചേരി സിഐ. എ. ദീപകുമാർ, എസ്.ഐ.ആദംഖാൻ ,മുഹമ്മദ് കാസിം എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ടത് കോട്ടയായിരുന്ന ഇളങ്കാവ് കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വി.ഷണ്മുഖൻ സ്ഥാനാർത്ഥിയായി മത്സരിച്ച് വാർഡ് പിടിച്ചെടുത്തതായിരുന്നു.28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ സി പി എം വാർഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.ഷണ്മുഖന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പു് വേണ്ടി വന്നത്.
22 വാർഡുകളുള്ള പഞ്ചായത്തിൽ ഇളങ്കാവ് വിജയത്തോടെ പഞ്ചായത്തിൽ ഇടത് മുന്നണിയുടെ അംഗബലം 14 ആയി ഉയർന്നു.യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ട് സീറ്റുകളുടെ എണ്ണംഎട്ടായി കുറഞ്ഞു.കൈവിട്ട സീറ്റ് ചിട്ടയായ പ്രവർത്തന മികവിൽ തിരിച്ച് പിടിച്ച് ഇടത് മുന്നണി വിജയം ആഘോഷിക്കുന്പോൾ സഹപ്രവർത്തകന്റെ മരണത്തിലുള്ള സഹതാപ തരംഗം പോലും വോട്ടാക്കി മാറ്റാനാകാതെ ഗ്രൂപ്പ് പോരിലും പാർട്ടിയുടെ സംഘടനാ ദൗർബ്ബല്യത്തിലും വിഷമിക്കുകയാണ് യു.ഡി.എഫ്. ശക്തി തെളിയിച്ചതായിരുന്നു ബി.ജെ.പി.പ്രകടനം.