വൈപ്പിൻ: എളങ്കുന്നപ്പുഴ ഞാറക്കൽ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാല പൊട്ടിക്കൽ സംഭവത്തിനും സ്കൂട്ടർ മോഷണത്തിനും പിന്നിൽ ഒരാളെന്ന് പോലീസ്. തൃശൂർ മെന്റൽ ഹോസ്പിറ്റലിൽനിന്നും ജീവനക്കാരെ ആക്രമിച്ചും അവരുടെ മാല കവർന്നും ചാടിപ്പോന്ന ആറംഗ സംഘത്തിൽപെട്ട വൈപ്പിൻ അഴീക്കൽ പണിക്കരുപടി സ്വദേശിയാണെന്നാണ് പോലീസ് നിഗമനം. 15 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ മാസം ഒന്നിനാണ് ഞാറക്കൽ പഞ്ചായത്തംഗം പി.പി. ഗാന്ധിയുടെ സ്കൂട്ടർ മോഷണം പോകുന്നത്.
സ്കൂട്ടറുമായി മുരുക്കുംപാടത്തെത്തി ഇവിടെ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഞാറക്കൽ പോലീസിന്റെ പട്രോളിംഗ് സംഘം യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതാണ്. മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ഇയാളെ തൃശൂർ മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്നും ഇയാൾ രക്ഷപെടുകയായിരുന്നു.
പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ ഞാറക്കൽ ആശുപത്രിപ്പടി കവലയിൽനിന്നും മോഷ്ടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യവും മാലപൊട്ടിക്കുന്നതിനു ദൃസാക്ഷിയായവരുടെയും സൂചനകൾ വച്ചാണ് പോലീസ് സംശയം ഉന്നയിക്കുന്നത്. ബുധനാഴ്ച എളങ്കുന്നപ്പുഴ നടവഴി ഭാഗത്തുവച്ച് നടുവില വീട്ടിൽ മേരിയുടെ 5.5 പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്.
അന്നു തന്നെ കന്പനിപ്പീടിക ബസ്റ്റോപ്പിനു കിഴക്ക് റിട്ട. അധ്യാപിക കണ്ണങ്ങനാട്ട് മോഹിനിയുടെ മാല പറിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കൂടാതെ ഞാറക്കലിൽ കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയുടെ മാല പൊട്ടിച്ചെങ്കിലും അത് റോൾഡ് ഗോൾഡ് ആഭരണമായതിനാൽ പരാതിയില്ല.