പത്തനംതിട്ട: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയതു പത്തനംതിട്ട നഗരത്തിൽനിന്ന്.
പത്തനംതിട്ട പോലീസ് സ്റ്റേഷനു മുന്പിൽ ആയുധങ്ങൾ വിൽക്കുന്നതിലേക്കു പ്രത്യേകമായി തുറന്നിട്ടുള്ള കടയിൽനിന്നാണ് കത്തി വാങ്ങിയതെന്ന് ഭഗൽസിംഗ്.
ഇന്നലെ ഉച്ചയോടെ അന്വേഷണസംഘം ഭഗവൽസിംഗുമായി കടയിലെത്തി. കഴിഞ്ഞ ഓണക്കാലത്ത് ആരംഭിച്ച കടയാണിത്.
പാലക്കാട് സ്വദേശികള്‍ ആരംഭിച്ച പാലക്കാടന്‍ കത്തികള്‍ എന്ന പേരിലാണ് ഇവിടെ ആയുധങ്ങൾ വിൽക്കുന്നത്. കടയിലേക്കു മുഖം മറച്ചാണ് ഭഗൽസിംഗിനെ കൊണ്ടുവന്നത്.
കടയിൽ നേരത്തെയുണ്ടായിരുന്ന ചില ജീവനക്കാര്‍ ജോലി മതിയാക്കി പോയതായി പറയുന്നു. അതുമൂലം പ്രതിയെ തിരിച്ചറിയുന്നതു ബുദ്ധിമുട്ടായി.
ഇലന്തൂര്‍ നെടുവേലി ജംഗ്ഷനിലെ കടയിലും അന്വേഷണസംഘം തെളിവെടുപ്പിനെത്തി. കൊലയ്ക്ക് ഉപയോഗിച്ച കയറും മറ്റും ഇവിടെനിന്നാണ് വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് എത്തിച്ചത്.
ഇവിടെ നാട്ടുകാര്‍ തടിച്ച് കൂടുകയും ചിലര്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തതിനാല്‍ പ്രതികളെ വാഹനത്തില്‍നിന്ന് ഇറക്കിയില്ല.
ഭഗവല്‍ സിംഗിനെയും ലൈലയെയും രണ്ട് വാഹനങ്ങളിലായാണ് തെളിവെടുപ്പിന് എത്തിച്ചത്.
ആറുമണിക്കൂറിലധികം തെളിവെടുപ്പ്
ഇലന്തൂരിൽ ഭഗൽസിംഗിന്റെ വീട്ടിലും പരിസരത്തുമായി ഇന്നലെയും ആറു മണിക്കൂറിലേറെ തെളിവെടുപ്പ് നടന്നു. ഭഗൽസിംഗും ഭാര്യ ലൈലയും അറസ്റ്റിലായശേഷം ഇതു മൂന്നാംതവണയാണ് തെളിവെടുപ്പിനെത്തുന്നത്.
ജുഡീഷൽ കസ്റ്റഡിയിൽനിന്നു ലഭിച്ചശേഷമുള്ള രണ്ടാമത്തെ തെളിവെടുപ്പുമായിരുന്നു. ഇനി ഒരു തവണകൂടി വരേണ്ടിവരുമെന്ന സൂചന അന്വേഷണ സംഘം നൽകി.
ഫോണ്‍ നിര്‍ണായക തെളിവ്
കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി പത്മയുടെ മൊബൈല്‍ ഫോൺ കണ്ടെത്തേണ്ടത് അന്വേഷണസംഘത്തിനു നിർണായകമാണ്. കേസിലെ നിര്‍ണായക തെളിവായി ഇതു മാറും.
ഈ ഫോണിലെ അവസാന വിളി തേടിയുള്ള അന്വേഷണമാണ് ഇലന്തൂര്‍ ഇരട്ടനരബലിക്കേസ് തെളിഞ്ഞതുതന്നെ.
കാണാതായ പത്മത്തെ കണ്ടെത്തുന്നതിലേക്ക് എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കടവന്ത്ര പോലീസ് പത്മയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ തേടിപ്പോയിരുന്നു.
ഇതാണ് അവസാനം തിരുവല്ല ഭാഗത്തും പിന്നീട് ആറന്മുള പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഇലന്തൂരിലും ചെന്നെത്തുന്നത്.
പിന്നീട് ഈ ഫോണ്‍ ഓഫായിട്ടുണ്ടെന്ന വ്യക്തമായി. പത്മത്തെ ഫോണില്‍ കിട്ടാതായതോടെയാണ് ബന്ധുക്കളും പരാതിയുമായി പോലീസിനെ സമീപിച്ചത്.
പത്മയുടെ തിരുവല്ല ഭാഗത്തേക്കുള്ള യാത്രയില്‍ ദുരൂഹത മണത്തതോടെയാണ് ഇവരുടെ യാത്രാവിവരങ്ങള്‍ തേടാന്‍ പോലീസ് തീരുമാനിച്ചത്. ഇതോടെയാണ് മുഹമ്മദ് ഷാഫിയിലേക്ക് അന്വേഷണം എത്തിയത്.