കളമശേരി: ഏലൂർ ഇലഞ്ഞിക്കൽ ശിവക്ഷേത്രത്തിലെ ചുറ്റമ്പലവാതിലിന്റെ പൂട്ട് തകർത്ത് ക്ഷേത്രാഭരണങ്ങളും നാല് ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്ന സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ചുറ്റമ്പലത്തിനകത്ത് സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ താക്കോൽ കൈക്കലാക്കി ശ്രീകോവിൽ തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്.
ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്തുള്ള മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കണ്ടെയ്നർ റോഡരികിലായതിനാൽ മോഷ്ടാക്കൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാനായതായാണ് നിഗമനം.
ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന വെള്ളിയിൽ തീർത്ത സ്വർണംപൂശിയ നാഗപടം, 12 ചന്ദ്രക്കലകൾ, തൃക്കണ്ണ്, സ്വർണംകെട്ടിയ ഒരു രുദ്രാക്ഷമാല, വെള്ളികെട്ടിയ രുദ്രാക്ഷമാല എന്നിവയാണ് നഷ്ടപ്പെട്ടത്. മഴക്കാലത്ത് ഈ മേഖലയിൽ മോഷണം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രവളപ്പിൽ എത്തിയ ക്ഷേത്ര മാനേജരാണ് കവർച്ച അറിഞ്ഞത്. ഇലഞ്ഞിക്കൽ ഭഗവതി ടെമ്പിൾ ട്രസ്റ്റിന് കീഴിലുള്ളതാണ് ശിവക്ഷേത്രം. ഏലൂർ പോലീസാണ് അന്വേഷണം നടത്തുന്നത്.