മംഗലംഡാം: റബർ കൃഷി ഉപേക്ഷിച്ച് കശുമാവ് കൃഷി ആരംഭിച്ച കരിങ്കയം ഇലഞ്ഞിമറ്റം തോമസിന് കശുവണ്ടി ഉല്പാദനത്തിൽ മികച്ച നേട്ടം. മരങ്ങളുടെ ചെറുപ്രായത്തിൽ തന്നെ അതിശയ വിളവാണ് ഉണ്ടാകുന്നത്.
ഒരു കുലയിൽ തന്നെ നാല്പതും അന്പതും കശുവണ്ടി വിളയുന്നു. 30 മാസം മാത്രം പ്രായമായ കശുമാവിൻ മരങ്ങളെല്ലാം വളർന്ന് പന്തലിച്ച് നിൽക്കുന്നത് കാണാൻ തന്നെ കൗതുക കാഴ്ചകളാണിപ്പോൾ.
റബർ കൃഷിയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് ഏഴ് ഏക്കർ വരുന്ന കുന്നിൻ പ്രദ്ദേശം മുഴുവൻ കശുവാവ് കൃഷി ചെയ്തത്.
റബർ മരങ്ങൾ കാലപഴക്കമായപ്പോൾ റീ പ്ലാന്റിംഗ് വേണ്ടെന്ന് വെച്ചായിരുന്നു മുന്തിയ ഇനം കശുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചത്.
ജെസിബി കൊണ്ട് കുഴികളെടുത്ത് കശുമാവ് വികസന കോർപ്പറേഷൻ നിർദ്ദേശിച്ച രീതിയിലാണ് തൈ നട്ടത്.
കണ്ണൂരിൽ നിന്നും കൊണ്ട് വന്ന 500 ഗ്രാഫ്റ്റ് തൈകളാണ് നടാൻ തെരഞ്ഞെടുത്തത്. 15 മാസമായപ്പോൾ തന്നെ തൈകൾ പത്തടി വളർന്ന് പല തൈകളും കായ്ച്ചു.
ആദ്യ വിളവെടുപ്പിൽ തന്നെ 150 കിലോ കശുവണ്ടി കിട്ടിയതായി തോമസ് പറഞ്ഞു. മരത്തിന് ഏഴ് വർഷമാകുന്പോൾ ഒരു മരത്തിൽ നിന്നു തന്നെ 35 കിലോ കശുവണ്ടി കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ 30 മാസം പ്രായമുണ്ട്.
എന്നാൽ അഞ്ചു് വർഷത്തെ വളർച്ചയുണ്ടെന്നാണ് കശുമാവ് വികസന കോർപ്പറേഷൻ അധികൃതർ തോട്ടം സന്ദർശിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.
അത്രയും ഫലഭൂയിഷ്ടമായ മംഗലംഡാം റിസർവോയറിനടുത്തെ കുന്നിലാണ് ഈ പരീക്ഷണ കൃഷി.
നാല് ഭാഗത്തേക്കും ഏഴ് മീറ്റർ അകലം പാലിച്ചാണ് തൈകൾ വച്ചിട്ടുള്ളത്.
രണ്ടോ മൂന്നോ വർഷത്തെ വളർച്ച കൂടിയായാൽ മരങ്ങൾ തമ്മിൽ കൂട്ടിമുട്ടി പ്രദേശമാകെ വലിയ പന്തൽ വിരിച്ച മട്ടിലാകും.
പത്തടിയിൽ കൂടുതൽ ഉയരത്തിൽ വരുന്ന കൊന്പുകൾ മുറിച്ച് നീക്കി മരങ്ങൾ പടരുന്നതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്.
ഇതിനടിയിൽ വലിയ സൂര്യപ്രകാശം ആവശ്യമില്ലാത്ത ഇടവിളകൾ കൃഷി ചെയ്യാനാണ് പദ്ധതി.
മുരിങ്ങ താങ്ങുതടിയാക്കി കുരുമുളക് കൃഷിയും ആരംഭിച്ചിട്ടുണ്ട്.
കൃഷി ചെയ്യാൻ കഴിയാത്ത പാറപ്പുറങ്ങളിലാണ് മുന്പൊക്കെ കശുമാവ് കൃഷി ചെയ്തിരുന്നത്. എന്നാൽ ആ സ്ഥിതി മാറി.
മലയോരങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റബർ പിന്തളപ്പെട്ട് മാവും കശുമാവും തെങ്ങും കൊക്കോയുമെല്ലാം സ്ഥാനം പിടിക്കുകയാണ്.
കശുമാങ്ങ നീര് സംസ്ക്കരിച്ച് പാനിയമാക്കാൻ കഴിഞ്ഞാൽ കശുമാവ് കൃഷി ലാഭവിളയാകും.
തൊഴിലാളികളുടെ കൂലിയും പരിചരണ ചെലവു കൂടി താരതമ്യം ചെയ്യുന്പോൾ ഇപ്പോഴത്തെ കശുവണ്ടി വില നന്നേ കുറവാണെന്ന് തോമസ് കണക്കുകൾ നിരത്തി പറയുന്നു.
കശുവണ്ടിക്ക് ഇപ്പോൾ കിലോക്ക് 90 രൂപ മുതൽ 100 രൂപ വരെയാണ് വില.
എന്നാൽ കഴിഞ്ഞ വർഷം വിളവെടുപ്പിന്റെ തുടക്കത്തിൽ കിലോക്ക് 140 രൂപ വരെ വിലയുണ്ടായിരുന്നു. 2019 ഇത് 160 രൂപയായിരുന്നു.
തൊണ്ട് കളഞ്ഞ് സംസ്ക്കരിച്ചെടുക്കുന്ന കശുവണ്ടി പരിപ്പിന് വിപണിയിൽ കിലോക്ക് 1200 രൂപ മുതൽ 1300 രൂപ വരെ വിലയുള്ളപ്പോഴാണ് ഒരു കിലോ കശുവണ്ടിക്ക് 100 രൂപ പോലും കിട്ടാത്തത്. കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി ശല്യവും കശുമാവിൻ തോട്ടത്തിലുണ്ട്.