പത്തനംതിട്ട ഇലന്തൂരില് നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകള് ഞെട്ടിക്കുന്നത്. കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് പറഞ്ഞ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി ലൈലയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായുള്ള വിവരമാണ് ഇപ്പോള് വെളിപ്പെട്ടിരിക്കുന്നത്.
ആഭിചാരക്രിയകളുടെ ഭാഗമായാണ് ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്പ്പെട്ടത്. ഭര്ത്താവായ ഭഗവല് സിംഗിന്റെ മുന്നില്വെച്ചാണ് ഷിഹാബ് ലൈലയുമായി ലൈംഗികബന്ധത്തിലേര്പ്പെട്ടത്.
കൂടുതല് ഐശ്വര്യം കിട്ടാന് നരബലി വേണമെന്ന് ഷിഹാബ് ദമ്പതികളെ വിശ്വസിപ്പിച്ചു. നരബലിക്കായി സ്ത്രീകളെ കൊണ്ടുവന്നതും ഷാഫിയാണ്.
സ്ത്രീകളെ എത്തിക്കാന് ഷാഫി ദമ്പതിമാരില് നിന്നും ലക്ഷങ്ങളാണ് കൈപ്പറ്റിയത്. ഇരകളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി പത്തനംതിട്ടയിലെ ഇലന്തൂരിലെ ഭഗവല് സിംഗിന്റെ വീട്ടിലെത്തിച്ചത്.
ലോട്ടറി വില്പ്പനക്കാരായ സ്ത്രീകളായ തൃശൂര് വാഴാനി സ്വദേശിനി റോസ്ലി, കൊച്ചി പൊന്നുരുന്നിയില് താമസക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നിവരാണ് ഇരകളായത്.
ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്ണവും അടക്കം ഷാഫി കൈക്കലാക്കുകയും ചെയ്തു. റോസ്ലിയെയും പത്മയെയും കട്ടിലില് കെട്ടിയിട്ടശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു.
ഭഗവല് സിംഗിന്റെ ഭാര്യ ലൈലയാണ് ഇവരുടെ കഴുത്ത് മുറിച്ചത്. ജനനേന്ദ്രിയത്തില് കത്തി കൊണ്ട് മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില് ശേഖരിച്ചു.
ശരീരത്തിലാകെ മുറിവേല്പ്പിക്കുകയും ചെയ്തു. ആഭിചാരപൂജയ്ക്ക് ശേഷം മൃതദേഹങ്ങള് കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതികള് പൊലീസിനോട് പറഞ്ഞു.
ജൂണ് മാസത്തിലാണ് റോസ്ലിയെ നരബലിക്ക് വിധേയയാക്കുന്നത്. എന്നാല് ശാപം കാരണം നരബലി ഫലിച്ചില്ലെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു.
തുടര്ന്നാണ് വീണ്ടും ബലിക്കായി കൊച്ചി പൊന്നുരുന്നിയില് താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ പത്മ(52)യെ തിരുവല്ലയിലെത്തിക്കുന്നത്.
തെറ്റിദ്ധരിപ്പിച്ചാണ് പത്മയെയും ഷാഫി ഇലന്തൂരിലെത്തിച്ചത്. തുടര്ന്ന് ഇവരെയും കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു.
പത്മയുടെ തിരോധാനവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി, തിരുവല്ല സ്വദേശികളായ ദമ്പതികളായ ഭഗവല് സിംഗ്, ലൈല എന്നിവര് പോലീസിന്റെ പിടിയിലായിട്ടുണ്ട്.
കൂടുതല് പേര് ഇവരുടെ ഇരകളായിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് പറഞ്ഞു.