കൊച്ചി: പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യകുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട്ടുകാരി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിലാണ് കൊച്ചി സിറ്റി പോലീസ് സമർപ്പിക്കുക.
കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രം പെരുന്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിൽ അടുത്തയാഴ്ച ആദ്യം കാലടി പോലീസ് സമർപ്പിക്കും.
ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. 150ഓളം സാക്ഷികളുണ്ട്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്.
മൂന്നു പ്രതികൾ
പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്-52)യാണ് കേസിലെ ഒന്നാം പ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70) രണ്ടാംപ്രതിയും ഭാര്യ ലൈല (61) മൂന്നാംപ്രതിയുമാണ്.
ഒക്ടോബർ പതിനൊന്നിനാണ് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നരബലി നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് ഭഗവത്സിംഗിനെയും ലൈലയെയും മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
പണം വാഗ്ദാനം ചെയ്താണ് പദ്മയേയും റോസിലിയേയും ഇലന്തൂരിലെത്തിച്ച് ഇയാൾ നരബലി നടത്തിയത്.ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് ഷാഫിക്കെതിരെ ചെറുതും വലുതുമായി പത്ത് കേസുകളാണുള്ളത്.
ഇയാൾ ലൈംഗിക വൈകൃതമുള്ള ആളാണെന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. കേസിലെ ഷാഫിയെ 200 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്.
ഇയാൾ ഇത്തരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോയെന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
നിർണായകമായത് ഡിഎൻഎ ഫലം
ഇലന്തൂരിലെ പുരയിടത്തിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ പത്മയുടെയും റോസിലിയുടെയുമാണെന്ന് നവംബറിൽ ലഭിച്ച ഡിഎൻഎ ഫലത്തിലൂടെയാണ് വ്യക്തമായത്.
പോലീസ് പരിശോധനയിൽ ഭഗവൽസിങ്ങിന്റെ ഇലന്തൂരിലെ പുരയിടത്തിൽ നിന്നാണ് കുഴിച്ചിട്ടനിലയിൽ രണ്ടു മൃതദേഹങ്ങളും ലഭിച്ചത്. പത്മയുടേത് 56 കഷ്ണങ്ങളാക്കി ഒറ്റക്കുഴിയിൽ മറവുചെയ്ത നിലയിലായിരുന്നു. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്.