കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക്കേസിൽ നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോയിൽ പകർത്തിയതായി സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിസിപി എസ്. ശശിധരൻ പറഞ്ഞു.
സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡാർക് വെബിലാണ് പോലീസ് പരിശോധന നടത്തുന്നത്. ഡാർക് വെബിലെ റെഡ് റൂമുകളിൽ ഇലന്തൂരിലെ ഇരട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഉണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
കാലടിയിൽ താമസിച്ചിരുന്ന റോസിലി, കടവന്ത്രയിൽ താമസിച്ചിരുന്ന പത്മ എന്നിവരാണ് നരബലിക്കിരയായത്.
കൂടുതൽ പേർ ഇരയായോയെന്ന് സംശയം
ഇലന്തൂർ നരബലിയിൽ കൂടുതൽ പേർ ഇരയായോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിൽനിന്ന് നിർണായകമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
മൂന്നേക്കർ വരുന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ പലയിടത്തും കാടുപിടിച്ച അവസ്ഥയാണുള്ളത്. ഈ വീട്ടിലേക്ക് പലപ്പോഴും കൂടുതൽ വാഹനങ്ങൾ വന്നു പോകുന്നുണ്ടെന്ന് നാട്ടുകാരുടെ പരാതിയും ഉണ്ട്.
ഈ സാഹചര്യത്തിൽ പ്രതികളെ അവിടെ എത്തിച്ച് ശേഷം ജെസിബി ഉപയോഗിച്ച് പറന്പിൽ പരിശോധന നടത്താനാണ് പോലീസ് നീക്കം.
പരിശോധനയ്ക്കായി മായയും മർഫിയും
മൃതദേഹം കണ്ടെത്തുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച് കൊച്ചി സിറ്റി ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ മായയും മർഫിയും പരിശോധനയ്ക്കായി ഇലന്തൂരിലേക്ക് പോകും.
മറ്റേതെങ്കിലും സ്ത്രീകൾ നരബലിക്ക് ഇരയായിട്ടുണ്ടെങ്കിൽ അവരുടെ മൃതദേഹം ഈ പുരയിടത്തിൽ തന്നെ കുഴിച്ചിട്ടിട്ടുണ്ടാകാം എന്ന വിശ്വാസത്തിലാണ് പോലീസ്. പോലീസ് നായ്ക്കളുടെ സഹായത്തോടെ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.