കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
അതേസമയം ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്ക്കുന്നുവെന്ന സംശയത്തിലാണ് പോലീസ് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
ഷാഫിയുടെ സാന്പത്തിക ഇടപാടുകളിലും അന്വേഷണം
കൊച്ചി: ഷാഫിയുടെ ഗാന്ധിനഗറിലുള്ള വീട്ടിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് ഷാഫിയുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു.
നരബലിക്കിരയായ റോസിലി, പത്മ എന്നിവരുടെ മൃതദേഹത്തിൽനിന്നു മുഹമ്മദ് ഷാഫി ഊരിയെടുത്ത സ്വർണാഭരണങ്ങൾ പണയം വച്ചതിന്റെ രസീതുകളായിരുന്നു അവ.
ഷാഫിയുടെ വീട്ടിൽ നടന്ന പരിശോധനക്കൊപ്പം ഭാര്യ, മക്കൾ എന്നിവരിൽനിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. നാൽപതിനായിരം രൂപ ഷാഫി നൽകിയതായി ഭാര്യയും പോലീസിനോട് സമ്മതിച്ചു.
വണ്ടി വിറ്റ് കിട്ടിയ പണം എന്നാണ് ഷാഫി വീട്ടിൽ പറഞ്ഞിരുന്നത്. ആ പണം കൊണ്ട് പണയം വച്ച സ്വർണം എടുത്തു എന്നും ഇവർ മൊഴി നൽകി.
സ്ത്രീകളെ ഇലന്തൂരിലെത്തിച്ച സ്കോർപ്പിയോ കാറിന് പുറമേ ഷാഫി ഒരു ജീപ്പ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. എന്നാൽ അത് ഷാഫിയുടെ പേരിലുള്ളതല്ല.
ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പത്മയുടെ ആഭരണങ്ങൾ ഷാഫി വീടിനു സമീപത്തെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
ആ പണത്തിന്റെ ഒരു വിഹിതം ഭാര്യക്ക് നൽകിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പത്മയുടെ കൈയിൽ ആറുപവനോളം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മ വെളിപ്പെടുത്തിയിരുന്നു.