സ്വന്തം ലേഖകൻ
തലശേരി: ലൈംഗിക ഉത്തേജനം വാഗ്ദാനം ചെയ്ത് പുതിയ തട്ടിപ്പ്. “രസമണി” ഏലസ് രംഗത്ത്. മെർക്കുറിയും പ്ലാറ്റിനവും ഒപ്പം അതീവ രഹസ്യക്കൂട്ടും ചേർത്തു തയാറാക്കുന്ന രസമണി ഏലസ് സമ്പന്നർക്കിടയിൽ പ്രിയ ഐറ്റമായി മാറിക്കഴിഞ്ഞു.
സംസ്ഥാനത്തുടനീളം ഏജന്റുമാരുള്ള രസമണി ഏലസ് മാഫിയ കൊയ്യുന്നതു കോടികളാണ്.മെർക്കുറിയും പ്ലാറ്റിനവും ചേർത്ത് അദ്ഭുത കൂട്ടിലൂടെ പ്രത്യേക പ്രാർഥനാ ചടങ്ങുകളോടെയാണ് രഹസ്യ കേന്ദ്രത്തിൽ ഏലസ് തയാറാക്കുന്നതത്രേ.
ഏഴ് ദിവസത്തെ ഉപവാസത്തിനു ശേഷം മാത്രമേ ഏലസ് ധരിക്കാവൂവെന്നാണ് ഉപഭോക്താക്കളെ ധരിപ്പിച്ചിട്ടുള്ളത്. ഉപവാസത്തിനു ശേഷം ഏലസ് അരയിൽ കെട്ടിയാൽ കുതിര ശക്തിയാണ് വാഗ്ദാനം.
ഏലസിനൊപ്പം പ്രത്യേകം പ്രാർഥനാ വിധികളോടെ തയാറാക്കിയ ലേഹ്യവും നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ വരെയാണ് ഒരു ഏലസിന് ഈടാക്കുന്നത്. അറുപത് പിന്നിട്ടവരാണ് ഉപയോക്താക്കളിൽ ഭൂരിഭാഗവും.
കേരളത്തിലെ നിരവധി സമ്പന്നർ ഇതിനകം ഏലസ് സ്വന്തമാക്കി കഴിഞ്ഞു. സിനിമ മേഖലയിലുള്ളവരാണ് രസമണി ഏലസിനെ പുറം ലോകത്തിനു പരിചയപ്പെടുത്തിയതെന്നാണ് വിവരം.
തമിഴ്നാട് അതിർത്തി പങ്കിടുന്ന ഒരു ജില്ലയിലെ വനാതിർത്തിയിലാണ് രസമണി ഏലസിന്റെ നിർമാണം നടക്കുന്നതെന്നാണ് വിവരം.
വയാഗ്ര പോലുള്ള ഗുളികളുടെ ഉപയോഗം ശരീരത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞാണ് രസമണി ഏലസിന്റെ ഏജന്റുമാർ ഉപഭോക്താക്കളെ സമീപിക്കുന്നത്.
ഉപയോഗിച്ചു ഫലം കിട്ടിയ ഉന്നതരുടെ റഫറൻസും സംഘം അതീവ രഹസ്യമായി കൈയിൽ കരുതുന്നുണ്ട്. ഓൺലൈൻ തട്ടിപ്പുകൾക്കും എംഎൽഎം തട്ടിപ്പുകൾക്കും ഇരയാകുന്ന മലയാളികൾ ലൈംഗികതയ്ക്കു കുതിര ശക്തി തേടി ഏലസിന്റെ പിന്നാലെ പായുകയാണിപ്പോൾ.