കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം സഹായിയായി ഒരാൾ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന സംശയം ബലപ്പെടുന്നു.
ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചതോടെയാണ് പോലീസ് തേടുന്ന സഹായി കണ്ണൂര്‍ എക്സിക്യൂട്ടീവില്തന്നെ യുണ്ടായിരുന്നിരിക്കാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്.
അങ്ങിനെയെങ്കില്‍ അതാര്, ടിക്കറ്റ് എടുത്തിരുന്നോ, ഏത് റെയില്‍വേസ്റ്റേഷനില്‍നിന്ന് ഇയാള്‍ കയറി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.
ഡല്‍ഹിയില്‍നിന്നു ഷാറൂഖ് ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. അതിനുശേഷം ട്രെയിന്‍ നിര്‍ത്തിയ 15 സ്റ്റേഷനുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു.
ഷാറൂഖിനെ ഡൽഹിയിൽനിന്നു കാണാതാകുമ്പോൾ നീല ജീൻസും ചുവപ്പു ഷർട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ഡൽഹി ഷഹീൻബാഗ് പോലീസിൽ നൽകിയ പരാതിയിലുമുള്ളത്.
ചുവന്ന ഷർട്ട് ധരിച്ചയാളാണു ട്രെയിനിൽ ആക്രമണം നടത്തിയത് എന്നാണു ദൃക്സാക്ഷികളുടെ മൊഴി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ പ്രവേശന കവാടത്തിനടുത്തുള്ള കടയിൽനിന്നു ഷാറൂഖ് ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഈ ദൃശ്യത്തിൽ പ്രതി നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണു ധരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പിടിയിലാകുമ്പോഴും ഇതേ വസ്ത്രമാണു ധരിച്ചിരുന്നത്.
ഇയാളുടെ ബാഗ് ട്രെയിനില്‍നിന്നു വീണ സാഹചര്യത്തില്‍ മെറൂൺ ഷര്‍ട്ട് എവിടെനിന്നു ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്.