കൊച്ചി: രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് അടുത്തമാസം തുടക്കമാകും. അടുത്തമാസം ആദ്യം കൊച്ചി എന്‍ഐഎ കോടതിയില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഷാറൂഖ് സെയ്ഫ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയ ശേഷം തിരികെ മടങ്ങുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
എലത്തൂരില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സെയ്ഫി ഇതില്‍ ആകൃഷ്ടനായതെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ യുഎപിഎക്ക് പുറമെ റെയില്‍വേ ആക്ടും, പൊതു മുതല്‍ നശിപ്പിച്ചതിനുളള വകുപ്പുമാണ് ചുമത്തിയിട്ടുളളത്.
2023 ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വണ്‍ കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ ഷാരൂഖ് സെയ്ഫി പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. തുടക്കത്തില്‍ കേരള പോലീസ് അന്വേഷിച്ചിരുന്ന കേസ് യുഎപിഎ ചുമത്തിയതോടെ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ഷാറൂഖ് സെയ്ഫിയുടെ സ്വദേശമായ ഡല്‍ഹി അടക്കം 10 ഇടങ്ങളില്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളെയും സാക്ഷികളേയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രതിയുടെ മനോനിലയും പരിശോധിക്കുകയുണ്ടായി.