കൊച്ചി: എന്‍ഐഎ കസ്റ്റഡിയില്‍ ലഭിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് വിവരം. രണ്ടു ദിവസമായി എന്‍ഐഎ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
എന്‍ഐഎയുടെ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കേരള പോലീസിനു നല്കിയ മൊഴികള്‍ ഷാറൂഖ് ആവര്‍ത്തിക്കുകയാണെന്നാണ് വിവരം. ഇയാളുടെ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് എന്‍ഐഎയുടെ ശ്രമം.
തീ വയ്പ്പിനുശേഷം കണ്ണൂരില്‍ നിന്ന് കടന്നു കളഞ്ഞതുമുതല്‍ അറസ്റ്റിലാകുന്നതുവരെയുള്ള വിവരങ്ങളാണ് എന്‍ഐഎ ഇയാളില്‍ നിന്ന് തേടുന്നത്.
ഡല്‍ഹി ജാമിയാനഗര് ഷഹീന്‍ബാഗില്‍ നിന്നു പുറപ്പെട്ട പ്രതി കേരളത്തില്‍ എത്തിയതുവരെയുള്ള മുഴുവന്‍ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.
കേസില്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന തെളിവുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള വിവര ശേഖരണവും ഷാറൂഖ് സെയ്ഫിയില്നിന്ന് നടത്തുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും ചോദ്യം ചെയ്യല്‍ പരിധിയില്‍ ഉള്‍പ്പെടും.
ഏപ്രില്‍ രണ്ടിന് ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്ന് ഇയാള്‍ പെട്രോള്‍ വാങ്ങിയതായും തുടര്‍ന്ന് ലൈറ്റര്‍ വാങ്ങിയതായും ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി വണ്‍ കോച്ചില്‍ രാത്രി 9.24ന് യാത്രക്കാര്‍ക്കുനേരേ പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.