കോഴിക്കോട്: എലത്തൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി സംഭവശേഷം രക്ഷപ്പെട്ടത് അതേ ട്രെയിനില്‍.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഷാറൂഖ് സെയ്ഫി അക്രമം നടത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട ഇയാളെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നാണ് ഇന്നലെ പിടികൂടിയത്.
എക്സിക്യൂട്ടീവ് എക്സ്പ്രസില്തന്നെയാണ് താന്‍ കണ്ണൂരില്‍ എത്തിയതെന്നാണ് പ്രതി അന്വേഷണ സംഘത്തിനു നല്കിയ മൊഴി.
ഡി വണ്‍ കോച്ചില്‍ യാത്രക്കാരെ തീയിട്ടശേഷം ഡി2 കോച്ച് വഴി പിന്‍ഭാഗത്ത് എത്തി. കണ്ണൂരില്‍ എത്തിയപ്പോള്‍ പോലീസ് തെരച്ചില്‍ നടക്കുന്നുണ്ടായിരുന്നു.
ഒന്നാംപ്ലാറ്റ്ഫോമിലാണ് ഇറങ്ങിയത്. പ്ലാറ്റ്ഫോമില്‍ ഒളിച്ചിരുന്നു. പുലര്‍ച്ചെയ്ക്ക് മരുസാഗര്‍ എക്സ്പ്രസില്‍ രത്നഗിരിയിലേക്ക് പോയി.
ഈ യാത്രക്കിടയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിക്കടുത്ത് കലംപാനിയില് വച്ച് ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു. കലംപാനി- ദിവാന് ഖാവടി സ്റ്റേഷനുകള്ക്കിടയിലയിരുന്നു ഇത്.
ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ട ഇയാളെ നാട്ടുകാരാണ് കലംപാനി ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതിനാല്‍ അവിടെനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ ആംബുലന്‍സിനുള്ള ഡോക്ടറെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
ഒരു ട്രക്കില്‍ തൂങ്ങിക്കിടന്ന് യാത്രചെയ്ത ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചിറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
അവിടെനിന്ന് രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷന് അടുത്ത് ശുചിമുറിക്കുമുന്നില് കിടന്നുറങ്ങുമ്പോള്‍ മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലാവുകയായിരുന്നു.
‘ആക്രമണം നടത്തിയതു നല്ലതു സംഭവിക്കാൻ’; കേരളത്തില്‍ എത്തിയത് ആദ്യമായെന്നും മൊഴി
കോഴിക്കോട്: ആക്രമണം നടത്തിയാല്‍ നല്ലതു സംഭവിക്കുമെന്ന് ഒരാള്‍ തന്നെ ഉപദേശിച്ചതായി എലത്തൂര്‍ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി.
കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമാണെന്നും അന്വേഷണ സംഘത്തിനു ഇയാള്‍ മൊഴി നല്കി. എന്നാല്‍ ഉപദേശം നല്കിയ സുഹൃത്ത് ആരാണെന്ന് വ്യക്തമല്ല.
ഇതാണ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം സംശയിക്കാന്‍ കാരണം.
കേരളത്തില്‍ ആദ്യമായാണ് താന്‍ എത്തുന്നതെന്ന് പ്രതി പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കലും കേരളം കണ്ടിട്ടില്ല. തന്റെ കുബുദ്ധിയാണ് തീവയ്പിനു കാരണമെന്ന് ഒരു ഘട്ടത്തില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞതായും സൂചനയുണ്ട്.
കേസന്വേഷണ വിവരങ്ങള്‍ പോലീസ് അതീവരഹസ്യമായാണ് സൂക്ഷിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ല.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ കേസായതിനാല്‍ വിവരങ്ങള്‍ പരമാവധി രഹസ്യമാക്കാനാണ് തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് ഇത്.