സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ഥാനാര്‍ഥി-സീറ്റ് പ്രഖ്യാപനത്തിനെത്തുടര്ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ആളിക്കത്തുന്നു.
യുഡിഎഫില്‍ 92 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചെങ്കിലും കോഴിക്കോട് എലത്തൂരിലും കണ്ണൂര്‍ ധര്‍മടത്തും അനിശ്ചിതത്വം തുടരുകയാണ്.
എലത്തൂര്‍ സീറ്റ് യുഡിഎഫ് മാണി സി. കാപ്പന്റെ നാഷണല്‍ കോണ്‍ഗ്രസ് കേരള (എന്‍സികെ) പാര്‍ട്ടിക്കാണ് നല്‍കിയത്. സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്നാണ് പൊതുവികാരം.
എന്‍സികെക്ക് സീറ്റ് അനുവദിച്ചതിനെതിരേ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. എം.കെ.രാഘവന് എംപി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ വിഷയം ധരിപ്പിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന് മുന്നിലെത്തി പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഡിസിസി ഓഫീസ് വരാന്തയിലെത്തിയ പ്രവര്‍ത്തകര്‍ മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ചാണ്ടി, രമേശ്ചെന്നിത്തല എന്നിവര്‍ക്കെതിരേയും മുദ്രാവാക്യം വിളിച്ചു.
ഇന്ന് നിയോജകമണ്ഡലം യോഗം ചേര്‍ന്ന് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്നതില്‍ തീരുമാനമെടുക്കും.
അതേസമയം കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് നിയുക്ത എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിക്ക് പ്രചാരണത്തിനിറങ്ങാന്‍ സാധിച്ചില്ല.
നിലവില്‍ സി ക്ലാസ് മണ്ഡലമെന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം എലത്തൂര്‍ മണ്ഡലത്തെ കാണുന്നത്.
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ എലത്തൂര്‍ പിടിച്ചെടുക്കുകയെന്നത് സങ്കീര്‍ണമാണ്.
ഈ സാഹചര്യത്തിലാണ് എലത്തൂരില്‍ മാണി സി. കാപ്പന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.
എന്നാല്‍ യാതൊരു വേരോട്ടവുമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്നതിലൂടെ കോണ്‍ഗ്രസിനാണ് ക്ഷീണം വരുന്നതെന്നും പാര്‍ട്ടി പൂര്‍ണമായും ഇവിടെ ഇല്ലാതായി തീരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
എന്‍സികെ സ്ഥാനാര്‍ഥി മത്സരിക്കുന്ന പക്ഷം പ്രചാരണ രംഗത്ത് നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണമായും വിട്ടു നില്‍ക്കുമെന്നും മുന്നറിയിപ്പ് നല്കി.