കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. ഇന്നു വൈകിട്ടോടെ ഇയാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ടിനായിരുന്നു ഏഴു ദിവസത്തേക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ഷാരൂഖ് സെയ്ഫിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ഷാരൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പെട്രോള്‍ പമ്പിലും റെയില്‍വെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി.
കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യുന്നത്.
ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണം സംഘം ഇയാളില്‍നിന്ന് ശേഖരിച്ചതായാണ് വിവരം.
കഴിഞ്ഞ 18 നാണ് എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16ാം വകുപ്പും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസിന്റെ ആരോപണം. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വണ്‍ കമ്പാര്ട്ട്മെന്റിലെത്തിയാണ് പെട്രോളൊഴിച്ച് തീവച്ചത്.
ഇതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫില്‍ എന്നിവരാണ് മരിച്ചത്.