കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി ഇന്നു മുതല്‍ എന്‍ഐഎ കസ്റ്റഡിയില്‍. എട്ടുവരെയാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
എന്‍ഐഎ ഇന്‍സ്പെക്ടര്‍ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഷാരൂഖിനെ ചോദ്യം ചെയ്യും. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ നീക്കം.
ആക്രമണത്തിന് കേരളം തെരഞ്ഞെടുക്കാനുള്ള കാരണം, മറ്റു ഗൂഡാലോചനകള്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കും. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
എന്‍ഐഎ കൊച്ചി യൂണിറ്റ് കഴിഞ്ഞ 18 നാണ് അന്വേഷണം ഏറ്റെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് ശിക്ഷ ലഭിക്കുന്ന യുഎപിഎ 16-ാം വകുപ്പും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസിന്റെ ആരോപണം. കഴിഞ്ഞ രണ്ടിന് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വണ്‍ കമ്പാര്ട്ട്മെന്റിലെത്തിയാണ് പെട്രോളൊഴിച്ച് തീവച്ചത്.
ഇതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫില്‍ എന്നിവരാണ് മരിച്ചത്.