കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചേതാടെ പോലീസിന് ഇനി ഓരോ മണിക്കൂറും നിര്‍ണായകം. 11 ദിവസമാണ് പ്രതി ഷാറൂഖ് പോലീസ് കസ്റ്റഡിയില്‍ ഉണ്ടാകുക.
14 ദിവസമായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ തെളിവെടുപ്പിലേക്കു കടക്കുക എന്നതാണ് അടുത്ത ഘട്ടം.
നിലവില്‍ പ്രതിയുടെ മൊഴിഅനുസരിച്ച് ഷോര്‍ണുര്‍ സ്റ്റേഷനില്‍ നിന്നാണു സംഭവം ഉണ്ടായ എപ്രില്‍ രണ്ടിനു പ്രതി ട്രെയിനില്‍ കയറിയത്. ഇവിടുത്തെ ജംഗ്ഷനു സമീപത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്.
ഇവിടെ എത്തി അന്വേഷണസംഘത്തിന് തെളിവെടുപ്പു നടത്തേണ്ടിവരും.സംസ്ഥാനത്തിനു പുറത്തും അന്വേഷണസംഘം തെളിവെടുപ്പിനു കൊണ്ടുപോകും. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂര്‍വരെയുള്ള ട്രെയിന്‍യാത്ര പുനരാവിഷ്കരിക്കാനാണ് പോലീസ് തീരുമാനം.
ആക്രമണം നടന്ന ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ഡി-വൺ കംമ്പാർട്മെന്റ് (ഇതിപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണുള്ളത്), മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ എലത്തൂർ റെയിൽവേ സ്റ്റേഷനുസമീപത്തെ ട്രാക്ക്, കണ്ണൂർ റെയിൽവേ സ്റ്റേഷൻ, രത്നഗിരി റെയിൽവേ സ്റ്റേഷൻ, ചികിത്സതേടിയ രത്നഗിരിയിലെ ആശുപത്രി എന്നിവിടങ്ങളിലുൾപ്പെടെയാണു തെളിവെടുപ്പിനായി കൊണ്ടുപോവുക.
ചോദ്യാവലി പ്രകാരം ചോദ്യം ചെയ്തശേഷം ലഭ്യമാവുന്ന വിവരങ്ങൾ കൂടി പരിശോധിച്ചാണു തെളിവെടുപ്പിനു കൊണ്ടുപോകേണ്ട സ്ഥലങ്ങൾ സംബന്ധിച്ചു സ്ഥിരീകരണമുണ്ടാവുക.