സ്വന്തം ലേഖകന്‍
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് പോലീസ്.
ഡല്‍ഹിയില്‍ ഇന്നലെ എത്തിയ കേരള പോലീസ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്.
തീവ്രവാദബന്ധത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് സാധ്യത.
കേരളത്തിന് പുറത്ത് അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന പോലീസിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ വച്ചുതാമസിപ്പിക്കാതെ തീവ്രവാദ സാധ്യതകളിലേക്ക് അന്വേഷണം ഊര്‍ജിതപ്പെടുത്താനാണ് തീരുമാനം.
കുറ്റകൃത്യത്തിലേക്ക് ഇയാൾ നീങ്ങിയതിൽ സാമ്പത്തികമായ താത്പര്യങ്ങളുണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകൾ പരിശോധിക്കാനുള്ള നീക്കത്തിന് പിന്നില്‍.
ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കേരള ഹൗസിൽ ക്യാമ്പ് ചെയ്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഷാറൂഖിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നലെ വരെ നടത്തിയിരുന്നു. ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങൾ പ്രതിക്കുണ്ടായിരുന്നുവെന്ന സൂചനയും ലഭിച്ചു.
ഷാറൂഖ് കേരളത്തിൽ എത്താനുള്ള സാഹചര്യവും ഡൽഹിയിലെ സുഹൃത്തുക്കളുടെ നീക്കങ്ങളും പരിശോധിക്കുന്നുണ്ട്. ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് പരിശോധന വേഗത്തിലാക്കിയത്.
സംഭവത്തില്‍ കേരള പോലീസിന് മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ തീവ്രവാദ സാധ്യത പറയുമ്പോള്‍ അതിലേക്കു നയിക്കുന്ന തെളിവുകള്‍ കേരള പോലീസിന് ലഭിച്ചിട്ടില്ല.
ഏഴുദിവസം പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടും അന്വേഷണം വലിയ രീതിയില്‍ മുന്നോട്ടുപോയിട്ടില്ല.അതേസമയം പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതില്‍ ഇനി കാലതാമസം വേണ്ടെന്നാണ് തീരുമാനം.
തെളിവെടുപ്പിന് കൊണ്ടുപോകേണ്ട സ്ഥലങ്ങള്‍ പോലീസ് സംഘം തയാറാക്കി കഴിഞ്ഞു. പൊതുജന ശ്രദ്ധ ലഭിക്കുമെന്നതിനാല്‍ പരമാവധി രഹസ്യമാക്കിയായിരിക്കും തെളിവെടുപ്പ് നടത്തുക.
ഇന്നലെ വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.